ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്, പൊതുവേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച് ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർ
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ ചൊടിപ്പിച്ചത്. സ്ത്രീകൾ പൊതുവേദികളിൽ വരരുതെന്ന ചിന്ത്ഗതിയാണെന്നും ഇസ്ലാമിലെ ഫെമിനിസം ഇതാണെന്നും പറഞ്ഞു കൊണ്ടുള്ള രൂക്ഷ വിമർശനമാണ് ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോട ഉയർന്നിരിക്കുന്നത്.
‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയുന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു. വലിയ വിമർശനങ്ങളാണ് വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? ഇനി മേലിൽ വിളിച്ചാൽ കാട്ടിത്തരാം. ഏകദേശം 15 വയസ് പ്രായമുള്ള ഒരു പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ഒരു സർട്ടിഫിക്കറ്റ് കൊടുത്തതിനാണ് ഒരു മൊല്ലാക്ക ഹാലിളകുന്നത്! ഇത് സമസ്തയുടെ നയത്തിനെതിരാണത്രേ.. ഏത്. ഒരു പെൺകുട്ടി സ്റ്റേജിൽ കയറി ഒരു സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിഭാഗമാണ് ഇ.കെ. സുന്നി വിഭാഗവും അവരുടെ സമസ്തയും. പെൺകുട്ടികൾ സ്റ്റേജിൽ കയറിയാലോ പൊതുരംഗത്ത് ഇറങ്ങിയാലോ ഒലിച്ചുപോകുന്നതാണ് ഇമ്മാതിരി മൊല്ലാക്കമാരുടെ വിശ്വാസം എങ്കിൽ അത് ഒലിച്ചു പോകുന്നതാണ് സമുദായത്തിനും സമൂഹത്തിനും നല്ലത് എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്,’ എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച് ഒരാൾ ഫേസ്ബുക്കിൽ എഴുതിയത്. സമാനമായ അഭിപ്രായം നിരവധി പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.