പ്രമുഖ സന്തൂർ വാദകൻ, പണ്ഡിറ്റ് ശിവകുമാർ ശർമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മുംബൈ: പ്രമുഖ സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കൃത്യമായ ഇടവേളകളിൽ ഡയാലിസിസിന് വിധേയമായിരുന്നു. എങ്കിലും സംഗീത പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. അടുത്തയാഴ്ച ഭോപ്പാലിൽ കച്ചേരി അവതരിപ്പിക്കാനാരിക്കെയാണ് അന്ത്യം.

1938ൽ ജമ്മുവിൽ ജനിച്ച ശിവകുമാർ ശർമ സന്തൂറിൽ ഇന്ത്യൻ ക്ലാസിക്കൽ സംഗീതം അവതരിപ്പിക്കുന്ന ആദ്യയാളായാണ് കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീരീലെ നാടോടി സംഗീത ഉപകരണമാണ് സന്തൂർ.

പുല്ലാങ്കുഴൽ വാദകൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്ന് ഒട്ടേറെ സിനികൾക്ക് സംഗീതം നൽകിയിട്ടുണ്ട്. സിൽസിൽ, ലാംഹെ, ചാന്ദ്നി എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. മകൻ രാഹുൽ ശർമ അറിയപ്പെടുന്ന സന്തൂർ വാദകനാണ്.