ബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ; അമ്മയ്‌ക്കും കുഞ്ഞിനും സുഖമായി ഉറങ്ങാം
ന്യൂഡൽഹി: ട്രെയിനിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് പലപ്പോഴും ഉറങ്ങാൻ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താൻ സാധിക്കാത്തതായിരുന്നു അതിന് കാരണം. ദിവസങ്ങൾ നീണ്ട യാത്രകളിൽ ഇതൊരു വലിയ ബുദ്ധിമുട്ടായാണ് മാതാപിതാക്കൾ കാണുന്നത്. ഇപ്പോഴിതാ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കുഞ്ഞുങ്ങൾക്കായി ബേബി ബർത്ത് സംവിധാനം മുന്നോട്ട് വെച്ചിരിക്കുകയാണ്.
മാതൃദിനത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാൻ ബെൽറ്റ് സംവിധാനത്തോടെയാണ് ബേബി ബർത്ത് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡൽഹി ഡിവിഷനിലെ തിരഞ്ഞെടുത്ത ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബേബി ബർത്ത് സംവിധാനം ഏർപ്പെടുത്തി. ലക്‌നൗ മെയിൽ കോച്ചിലാണ് ഈ സംവിധാനം ആദ്യമായി ആവിഷ്‌ക്കരിച്ചത്.
ലോവർ ബർത്തിനൊപ്പമാണ് ബേബി ബർത്ത് സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമില്ലാത്ത സമയം ഈ സീറ്റ് മടക്കി വെയ്‌ക്കാനും സാധിക്കും. 770 മില്ലി മീറ്റർ നീളവം 225 മില്ലി മീറ്റർ വീതിയും 76.2 മില്ലി മീറ്റർ ഉയരവുമാണ് ബേബി ബർത്തിന്റെ അളവുകൾ. പരീക്ഷണം വിജയം കണ്ടാൽ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ഇന്ത്യൻ റെയിൽവേ.