തൃശൂര്‍ പൂരം വെടിക്കെട്ട് വ്യാഴാഴ്ച്ച
തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് മാറ്റി വച്ച തൃശൂര്‍ പൂരം വെടിക്കെട്ട് വ്യാഴാഴ്ച്ച വൈകീട്ട് ഏഴിന് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട പൂരം വെടിക്കെട്ട് മഴ കാരണം മാറ്റുകയായിരുന്നു. അതേസമയം, പകല്‍പൂരവും അനുബന്ധ ചടങ്ങുകളും പതിവ് പോലെ നടക്കും.

കുടമാറ്റത്തിന്റെ സമയത്തടക്കം ഇന്ന് തൃശൂര്‍ നഗരത്തില്‍ കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാല്‍ വെടിക്കെട്ട് നടത്താന്‍ മഴ വലിയ തടസം സൃഷ്ടിച്ചു.
തൃശൂര്‍ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതില്‍ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കാത്ത സാഹചര്യത്തില്‍ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ട്. ഇവയില്‍ കയറരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ നിലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശൂര്‍ നഗരത്തില്‍ തോരാതെ പെയ്തത്.