അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
മലപ്പുറം: മലപ്പുറം രാമപുരത്ത് പുരസ്‌കാരം വാങ്ങാന്‍ വേദിയിലെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് മടക്കി അയച്ച സംഭവത്തില്‍ സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടഞ്ഞ് അവരെ വീടിന്റെ അകത്തളങ്ങളില്‍ തളയ്ക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ഇതേ ആള്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്കായി ഹിജാബ് ക്യാംപയിന്‍ നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായല്ല ഇവര്‍ പ്രതിഷേധിക്കുന്നതെന്നും പെണ്‍കുട്ടികളുടെ ഉന്നമനം തടയാനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവർണറുടെ വാക്കുകൾ,
‘ധൈര്യം കാണിച്ച ആ പെൺകുട്ടിയെ ഞാൻ അഭിനന്ദിക്കുന്നു. കാരണം ആ പ്രായത്തിലുള്ള പെൺകുട്ടി ദുർബലയായിരുന്നെങ്കിൽ അവൾ വേദിയിൽ തന്നെ വീണു പോയേനെ. അവളുടെ മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. നിങ്ങളാ വീഡിയോ കാണൂ. ആ പെൺകുട്ടി ഹിജാബ് ധരിച്ചിട്ടുണ്ട്. ഞാൻ തുടക്കം മുതൽ പറയുന്നതാണ് അവർ ഹിജാബിന് വേണ്ടിയല്ല ക്യാമ്പയിൻ ചെയ്യുന്നതെന്ന്. സ്ത്രീകളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തള്ളാനുള്ള ഗൂഢാലോചനയാണിത്. അവൾ ഹിജാബ് ധരിച്ചിട്ടുണ്ട്. നിങ്ങൾ ഹിജാബിന് വേണ്ടിയാണ് പോരാടുന്നതെങ്കിൽ എന്തിനാണ് ന അവളെ അപമാനിക്കുന്നത്? കാരണം നിങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യം ഹിജാബ് അല്ല. ഇത് പോലുള്ള ആൾക്കാരാണ് ലോകത്ത് ഇസ്ലാമോഫോബിയ വളർത്തുന്നതിന് കാരണം. എനിക്ക് ഭയമുണ്ട്. ഇത്തരക്കാർക്ക് മേൽക്കെെ ഉണ്ടെങ്കിൽ അവർ അവരുടെ ചട്ടങ്ങൾ എല്ലാ സ്ത്രീകളിലും അടിച്ചേൽപ്പിക്കും. എന്റെ കുടുംബത്തിലെ സ്ത്രീകളുടെ മേലും നടപ്പാക്കും,’ ഗവർണർ പറഞ്ഞു.
രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം ഇതിൽ നിശബ്ദരാണ്. രാഷ്ട്രീയക്കാർ മാത്രമല്ല മറ്റുള്ളവരും നിശബ്ദരാണ്. നമ്മുടെ പെൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാൻ ദേശീയ തലത്തിലെ എല്ലാ പാർട്ടികളും മുന്നോട്ട് വരണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. വിസ്മയയുടെ മരണത്തിലും ഞാനിതേ രീതിയില്‍ പ്രതികരിച്ചിരുന്നു. ഇതും മരണത്തിന് തുല്യമാണ്. കാരണം ആ കുട്ടിക്കുണ്ടായ ഞെട്ടൽ ഭീതിതമായിരിക്കും. അവള്‍ എങ്ങനെ അതിനെ നേരിടും. അവള്‍ക്ക് പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെട്ടേക്കാം. കാരണം അര്‍ഹതപ്പെട്ട ഒരു പുരസ്‌കാരം വാങ്ങാന്‍ അവള്‍ക്ക് അവകാശമില്ലെങ്കില്‍ നല്ല വിദ്യാഭ്യാസം ലഭിച്ചിട്ടും അവള്‍ എങ്ങോട്ട് പോവാനാണെന്നും ഗവർണർ ചോദിച്ചു.