ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ജനം തയ്യാറാകണം: ബിനോയ് വിശ്വം
മഞ്ചേരി :രാജ്യത്തിന്റെ ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നും ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ദുരന്തം മാത്രം നല്കുന്ന ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങളെ അണിനിരത്താന്‍ സി പി ഐ മുന്‍കൈ എടുക്കുമെന്നും പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം പി പ്രസ്താവിച്ചു.
സിപിഐ എളങ്കൂര്‍ ലോക്കല്‍ കമ്മറ്റി പുതിയതായി നിര്‍മ്മിച്ച പ്രൊഫ.പി ശ്രീധരന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും പാര്‍ട്ടി ലോക്കല്‍ സമ്മേളന പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഓഫീസില്‍ നിര്‍മ്മിക്കുന്ന കൊളാടി സ്മാരക ഗ്രന്ഥാലയത്തിന്റെ ശിലാസ്ഥാപനം പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ പി പി സുനീര്‍ നിര്‍വ്വഹിച്ചു. പ്രൊഫ. പി. ശ്രീധരന്‍ , കൊളാടി ഗോവിന്ദന്‍കുട്ടി എന്നിവരുടെ ഫോട്ടോ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. കെ കൃഷ്ണദാസ് അനാഛാദനം ചെയ്തു. ഇ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. സിപിഐ മഞ്ചേരി മണ്ഡലം സെക്രട്ടറി അഡ്വ. കെ പി.ഷാജു, എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. സമദ്, എം അപ്പുട്ടി, ലോക്കല്‍ സെക്രട്ടറി ഇ പ്രഭാകരന്‍, ഇ. നിഷ എന്നിവര്‍ പ്രസംഗിച്ചു. എം ഗിരീശന്‍ സ്വാഗതവും ഐ പി സനൂപ് നന്ദിയും പറഞ്ഞു. പാര്‍ട്ടി ഓഫീസിന് സ്ഥലം സൗജന്യമായി നല്‍കിയ പരേതനായ ചെമ്മിണിക്കര ദാമോദരന്‍ നായരുടെ ഭാര്യ ബേബി അമ്മയെ പി. ഗൗരി ടീച്ചര്‍ പൊന്നാട നല്‍കി ആദരിച്ചു.പാര്‍ട്ടിപ്രവര്‍ത്തകര്‍ എളങ്കൂര്‍ അങ്ങാടിയില്‍ ്പ്രകടനവും നടത്തി.