താജ് മഹല്‍ വിവാദത്തില്‍ ബിജെപി എംപിയെ വെല്ലുവിളിച്ച് ഷാജഹാന്റെ പിന്‍ഗാമി

യുപി: താജ് മഹൽ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ അവകാശവാദമുന്നയിച്ച ബിജെപി എംപി ദിയ കുമാരിയോട് തെളിവുകൾ ആവശ്യപ്പെട്ട് മു​ഗളന്മാരുടെ പിൻ​ഗാമി. ഷാജ​ഹാന്റെ പിന്മുറക്കാരനെന്ന് അവകാശപ്പെടുന്ന യാക്കൂബ് ഹബീബുദ്ദീൻ തൂസിയാണ് ആരോപണമുന്നയിച്ചവരോട് തെളിവുകൾ ഹാജരാക്കാൻ വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. ജയ്പൂർ മുൻ രാജകുടുംബത്തിലെ അം​ഗമായ ദിയ കുമാരി കഴിഞ്ഞ ദിവസമാണ് താജ് മഹൽ സ്ഥിതി ചെയ്യുന്ന ഭൂമി തന്റെ കുടുംബത്തിന്റേതാണെന്ന ആരോപണം ഉന്നയിച്ചത്. ആവശ്യമെങ്കിൽ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചിരുന്നു.

”ഒരു തുള്ളി രജ്പുത്ര രക്തം നിങ്ങളിലുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്കൂ” എന്നാണ് തൂസി വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ഷാജഹാന്റെ രണ്ടാം ഭാര്യ ലാൽ ഭായ് ഒരു രജപുത്രയായിരുന്നു. ഷാജഹാന്റെ മുത്തശ്ശിയും അക്ബറിന്റെ ഭാര്യയുമായ ജോധ ഭായി വഴിയും രജ്പുത് കുടുംബത്തോട് മു​ഗളന്മാർക്ക് ബന്ധമുണ്ട്. എന്നാൽ ദിയ കുമാരിയുടെ ഈ ആരോപണം ബുദ്ധിശൂന്യമായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

https://fb.watch/d00TK-Hqih/

രജപുത്രർ മു​ഗളന്മാർക്ക് ഭൂമി നൽകിയിരുന്ന രീതികളെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. മരുമക്കൾക്ക് സമ്മാനമായി ഭൂമി നൽകാറുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനെ ഭൂമി തട്ടിയെടുക്കൽ എന്നാരോപിച്ച കുമാരിയുടെ സമീപനം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രജപുത്രർക്ക് അക്ബറിന്റെ കാലം മുതൽ തന്നെ മു​ഗളന്മാരുമായി ബന്ധമുണ്ടെന്നും എന്റെ 27 മുത്തശ്ശിമാരിൽ 14 പേരും രജപുത്രരാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.