സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ ഇന്നും തുടരും. എറണാകുളം, ഇടുക്കി,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ എന്‍.ഡി.ആര്‍.എഫിന്‍റെ അഞ്ച് ടീം കേരളത്തിലെത്തും.

ഇടുക്കി,എറണാകുളം,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് സംഘത്തെ നിയോഗിക്കുക. മധ്യ-വടക്കന്‍ ജില്ലകളില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കേരള തീരത്ത് ഇന്നും മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന മഴയാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.