ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശം നൽകി.

അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള അതിശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണം. സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നാളെ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.