റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ മറവു ചെയ്തു. മെഹ്നാസിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയെ തുടര്‍ന്ന് റിഫയുടെ കുടുംബം ദുരൂഹതയാരോപിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാക്കൂര്‍ പൊലീസ് മെഹ്നാസിനെതിരെ കേസെടുത്തു.മൊഴിയെടുക്കാന്‍ കാസര്‍ഗോട്ട് പോയെങ്കിലും മെഹ്നാസിനെ കാണാന്‍ സാധിച്ചിരുന്നില്ല.
പൊലീസ് അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയാരിക്കുന്നു. ഇതേ തുടര്‍ന്ന് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. മെയ് 20നാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുന്നത്. സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.