സൗദിയിൽ വിസാ നിയമങ്ങൾ തെറ്റിച്ച പ്രവാസികൾ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ വിസാ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 10,850 പ്രവാസികൾ പിടിയിൽ. മെയ് അഞ്ച് മുതൽ 11 വരെ സൗദിയുടെ വിവിധ സുരക്ഷാ സേനകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. പിടിയിലായവരിൽ 6,565 താമസ നിയമ ലംഘകരും 3,012 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘകരും 1,273 തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു.

ഇതിനു പുറമേ രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിച്ച 56 പേരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിയമലംഘകർക്ക് അഭയം നൽകിയ 14 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ 47 ശതമാനം എത്യോപ്യൻ പൗരന്മാരും 35 ശതമാനം യെമൻ പൗരന്മാരും 18 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിലവിൽ 83,457 പ്രവാസികൾ ഇത്തരം നിയമലംഘനകൾക്ക് സൗദിയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഇതിൽ 79,313 പേർ പുരുഷന്മാരും 4,144 പേർ സ്ത്രീകളുമാണ്.