ഗുജറാത്തിൽ നിന്നും കുന്നംകുളത്തേക്ക് വ്യാജ ഹാര്‍പ്പിക്ക്; ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

കുന്നംകുളം: ഏഴ് ലക്ഷം രൂപയുടെ വ്യാജ ഹാര്‍പ്പിക് ലിക്വിഡും സോപ്പ് പൊടി പാക്കറ്റുകളുമായി കുന്നംകുളത്ത് വന്ന ഗുജറാത്ത് സ്വദേശി പിടിയിൽ. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ പാക്കറ്റുകളുമാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.

സൂറത്തില്‍ വ്യാജമായി നിര്‍മ്മിച്ച ഇവ കര്‍ണാടക രജിസ്ട്രേഷന്‍ ലോറിയിലാണ് കുന്നംകുളത്ത് എത്തിച്ചത്. 10 ടൺ വ്യാജ ഹാർപ്പിക് ബോട്ടിലുകളും 7 ടൺ സോപ്പുപൊടിയുമാണ് വാഹനത്തിലുള്ളത്. കുന്നംകുളത്തെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിയതാണിത്. ചൊവ്വല്ലൂരിലെ ഒരു ഏജൻസി വഴിയാണ് വ്യാജഹാർപ്പിക് സൂറത്തിൽ നിന്നും കുന്നംകുളത്തേക്ക് എത്തിയിട്ടുള്ളത്. വിവരം ലഭിച്ച പൊലീസ് ലോറി പിടികൂടുകയായിരുന്നു.

സൂറത്ത് സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നംകുളം എസ് ഐ സക്കീർ അഹമ്മദ് നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോറി പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.