വിദ്വേഷ പ്രസംഗം: പി.സി ജോർജിന് ഇടക്കാല ജാമ്യം
തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചു. പരസ്യ പ്രസ്താവന പാടില്ലെന്ന് കോടതി വ്യക്തമാക്കി. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോർജ് കോടതിയിൽ പറഞ്ഞു. വെണ്ണലയിൽ പി.സി ജോർജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു.

അതേസമയം, പി സി ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കായംകുളം സ്വദേശി ഷിഹാബുദ്ദീൻ ഹരജി നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി സി ജോർജ് ഒളിവിലായിരുന്നു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.
മതസൗഹാർദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസിൽ തന്റെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹരജിയിൽ പറഞ്ഞു. മൂന്ന് ദിവസമായി പി സി ജോർജിനെ തിരയുകയാണെന്നും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നും പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞിരുന്നു.