മലപ്പുറം ജില്ല സംസ്ഥാന റവന്യൂ കായികോത്സവത്തിൽ കിരീടം ചൂടി

തൃശൂര്‍: സംസ്ഥാന റവന്യൂ കായികോത്സവത്തില്‍ ആദ്യ ചാംപ്യന്‍ പട്ടം സ്വന്തമാക്കി മലപ്പുറം ജില്ല. 60 പോയിന്റ് നേടിയാണ് മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഗെയിംസ് ഇനങ്ങളില്‍ 48 പോയിന്റും അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ 12 പോയിന്റുമാണ് ജില്ല നേടിയത്.

അത്‌ലറ്റിക്‌സില്‍ 45 പോയിന്റും ഗെയിംസില്‍ 3 പോയിന്റും നേടി 48 സ്‌കോര്‍ സ്വന്തമാക്കി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനം നേടിയെടുത്തു. 42 പോയിന്റുമായി കണ്ണൂരിന് മൂന്നാം സ്ഥാനം ലഭിച്ചു.

മെയ് 14 മുതല്‍ ആരംഭിച്ച കായികോത്സവത്തില്‍ ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, മാര്‍ച്ച് പാസ്റ്റ്, അത്‌ലറ്റിക്‌സ് തുടങ്ങി മത്സരങ്ങളാണ് നടന്നത്. റവന്യൂ ജീവനക്കാര്‍ക്കായി ആദ്യമായാണ് സംസ്ഥാന തലത്തില്‍ കായികോത്സവം സംഘടിപ്പിക്കുന്നത്. 14 ജില്ലാ ടീമുകളും ഒരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടീമും ഉള്‍പ്പെടെ 15 ടീമുകളാണ് ആവേശകരമായ മത്സരങ്ങളില്‍ മാറ്റുരച്ചത്. തൃശൂര്‍ കിഴക്കേകോട്ട തോപ്പ് സ്‌റ്റേഡിയം, കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം, അക്വാട്ടിക് കോംപ്ലക്‌സ് എന്നിവിടങ്ങളിലായി മെയ് 22 വരെയാണ് കായികോത്സവം അരങ്ങേറിയത്.