കരിപ്പൂരിൽ സ്വർണവുമായി എയർ ഇന്ത്യ ക്യാബിൻ ക്രൂ പിടിയിൽ
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂ നവീൻ സിംഗാണ് 1399 ഗ്രാം സ്വർണ്ണവുമായി പിടിയിലായത്. ഇയാൾ മിശ്രിത രൂപത്തിലുള്ള സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്താവളത്തിലെ എയർ ഇൻറലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
കരിപ്പൂരിൽ മുൻപും സമാനമായ രീതിയിൽ വിമാനത്തിലെ ജീവനക്കാരിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂവിൽ നിന്നും സ്വർണം പിടികൂടുന്നത്. അതേസമയം കരിപ്പൂർ കേന്ദ്രീകരിച്ച് അനധികൃത സ്വർണക്കള്ളക്കടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കസ്റ്റംസ് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അകത്തും പുറത്തും വലിയ രീതിയിലുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്.
എന്നാൽ ഇവരുടെ കയ്യിൽ ലഭിക്കാതെ സ്വർണം പുറത്തെത്തിക്കാൻ ആണ് സ്വർണ കള്ളക്കടത്ത് മാഫിയ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരെ സ്വർണം കടത്താൻ ഉപയോഗിക്കുന്നത്. ഡൽഹി സ്വദേശിയായ ഇയാൾ ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സ്വർണവുമായി പിടിയിലായത്. അതേസമയം ഇയാളിൽ നിന്ന് പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 63,56,810 രൂപ വില മതിപ്പ് ഉണ്ട് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതോടൊപ്പം തന്നെ മിശ്രിത രൂപത്തിലുള്ള സ്വർണ്ണം സാധാരണ രീതിയിലേക്ക് മാറ്റിയപ്പോൾ 1226 ഗ്രാമായി കുറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ ഇന്ന് പുലർച്ചെ കരിപ്പൂർ വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടിയിരുന്നു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്ത് എത്തിച്ച സ്വർണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സ്വർണവുമായി ബാലുശ്ശേരി സ്വദേശി വലയിലായി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരനെ സ്വർണവുമായി പിടികൂടുന്നത്.