ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; ഒരാൾ പരപ്പനങ്ങാടി സ്വദേശി

ഡൽഹി: ലഡാക്കിൽ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു.19 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചത്.

ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.

26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്.

ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം അഭ്യർഥിച്ചതായി വക്താവ് അറിയിച്ചു.

ഭാര്യ: റഹ്മത്ത്: മക്കൾ – ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ