പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടിയുടെ പിതാവ് അഷ്‌കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും.

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്‌ക്കർ മുസാഫറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറയുന്നത്.

ആലപ്പുഴയിൽ എസ്ഡിപിഐ പ്രകടനത്തിനിടെ നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്ന് രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിൽ എത്തിയത്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടും പത്ത് വയസുകാരനിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ഉടൻ അസ്‌ക്കർ മുസാഫിർ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു.

മാധ്യമങ്ങളിൽ വാർത്ത വന്ന പിന്നാലെ പള്ളുരുത്തി പൊലീസ് വീട്ടിലെത്തി അസ്‌ക്കറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച ശേഷം ചേർത്തല പൊലീസിന് അസ്‌ക്കറിനെ കൈമാറി. അസ്‌ക്കർ കീഴടങ്ങിയെന്ന് പിഎഫ്‌ഐ പ്രവർത്തകർ പറയുമ്പോൾ പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. അസ്‌ക്കറിന്റെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്ഓഫ് ഇന്ത്യ പ്രവർത്തകർ പള്ളുരുത്തിയിൽ പ്രകടനം നടത്തിയിരുന്നു.

അതേ സമയം കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ് രംഗത്തെത്തയിരുന്നു. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എൻ.ആർ.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം അവൻ വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഇപ്പോൾ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. എൻ.ആർ.സി, സി.എ.എ റാലിക്കിടെ പഠിച്ച മുദ്രാവാക്യമാണത്. ആരും പഠിപ്പിച്ചതല്ല. അതിൽ ഏതെങ്കിലും മതത്തേ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമർശിച്ചത്. എന്തിനാണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? വിവാദങ്ങളിൽ ഒരു കഴമ്പുമില്ല. എന്താണ് ഉദ്ദേശ്യമെന്നും അറിയില്ല. താൻ പോപ്പുലർ ഫ്രണ്ടിന്റെ നേതാവൊന്നുമല്ലെന്നും എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ പങ്കെടുക്കുക മാത്രമാണ് ചെയ്യാറുള്ളത്’ – പിതാവ് പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച 18 പേരെ അറസ്റ്റു ചെയ്തിരുന്നു. 20 പേരെയാണ് വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനുശേഷം ഇതിൽ 18 പേരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്.

വിവിധയിടങ്ങളിൽനിന്ന് ആളുകളെ സംഘടിപ്പിച്ച് റാലിക്ക് എത്തിച്ചവരാണ് അറസ്റ്റിലായത്. അതിനിടെ, കഴിഞ്ഞദിവസം അറസ്റ്റിലായ ഒന്നാംപ്രതി പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അമ്പലപ്പുഴ വണ്ടാനം പുതുവൻ പി.എ. നവാസ് (40), മൂന്നാംപ്രതി ഈരാറ്റുപേട്ട നടക്കൽ പാറനാനി അൻസാർ നജീബ് (30) എന്നിവരെ കോടതി നാലുദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണിത്. പ്രതികളുടെ ശബ്ദസാംപിൾ പരിശോധന, ഡിജിറ്റൽ തെളിവുകൾ ശേഖരിക്കൽ, മുദ്രാവാക്യം വിളിയുടെ പരിശീലനകേന്ദ്രം കണ്ടെത്തൽ എന്നിവയ്‌ക്കെല്ലാമായി പത്തുദിവസത്തേക്കാണ് ആലപ്പുഴ സൗത്ത് ഇൻസ്‌പെക്ടർ എസ്. അരുൺ ആലപ്പുഴ ജുഡീഷ്യൽ ഫാസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്. മജിസ്‌ട്രേറ്റ് പി. രജിത വാദം കേട്ടശേഷം നാലുദിവസം അനുവദിക്കുകയായിരുന്നു.