സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ


മലപ്പുറം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22)ആണ് അറസ്റ്റിലായത്.  കീഴുപറമ്പ് കുനിയിൽ കുറുമാടൻ ഷഹീൻ ഖാനിൽ നിന്നാണ് തുക തട്ടിയത്. സൈന്യത്തിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് രേഖകളും  ശ്രീരാഗ് കൈപറ്റിയതായി പൊലീസ് പറഞ്ഞു. 


ആർമിയുടെ സീലും മറ്റു രേഖകളും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ്.  2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സംഭവ ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്ത് നിന്നും വരവെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്.  പ്രതിയുടെ അയൽവാസിയും ഇന്ത്യോനേഷ്യയിൽ താമസക്കാരനുമായ മുഹമ്മദ് ഫൈസലുമായി ചേർന്ന് സംസ്ഥാനത്ത് സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.