ജൂണ്‍ ഒമ്പതുമുതൽ ട്രോളിങ് നിരോധനം
തിരുവനന്തപുരം: ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് 31 വരെയുള്ള 52 ദിവസം ട്രോളിങ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യറേഷന്‍ നല്‍കും. ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടയ്ക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും. ഏകീകൃത കളര്‍കോഡിങ് നടത്താത്ത ബോട്ടുകള്‍ ട്രോളിങ് നിരോധന കാലയളവില്‍ അടിയന്തരമായി കളര്‍കോഡിങ് നടത്തണം.