പന്നിവേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റു മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ സുഹൃത്തുക്കളുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി ഷാനു എന്ന ഇർഷാദ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വെടിയേറ്റ ഉടനെ ഇർഷാദിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചട്ടിപ്പറമ്പിലെ സ്വകാര്യ വ്യക്തിയുടെ കാടുമൂടി കിടക്കുന്ന പ്രദേശത്ത് കാട്ടുപന്നികളുണ്ടെന്ന വിവരത്തെ തുടർന്ന് ഇർഷാദ് ഉൾപ്പെടെ മൂന്നംഗ സംഘമാണ് നായാട്ടിന് പോയത്. പന്നിയെ വെടിവെച്ചപ്പോൾ ഉന്നംതെറ്റി ഇർഷാദിന് കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം. ചേങ്ങോട്ടൂരിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത്് സൃഹൃത്തുക്കൾക്കൊപ്പം വേട്ടയ്ക്കിറങ്ങിയതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലൈസൻസില്ലാത്ത നാടൻ തോക്കാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇർഷാദിന് ഒപ്പമുണ്ടായിരുന്ന അക്‌ബർ അലി, സനീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കോട്ടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇർഷാദിന്റെ മൃതദേഹം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിലാണുള്ളത്.