മലയാളി ബോളിവുഡ് ഗായകൻ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
കൊൽക്കത്ത: ബോളിവുഡ് ഗായകൻ കെ.കെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണായിരുന്നു മരണം. 53 വയസ്സായിരുന്നു. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായാണ് അദ്ദേഹം ഇത്രയേറെ ഗാനങ്ങൾ ആലുപിച്ചത്.

ബാല്യകാല സഖിയായ ജ്യോതി കൃഷ്ണയാണ് ഭാര്യ. മകൻ നകുൽ കൃഷ്ണ കെ.കെയുടെ പുതിയ ആൽബമായ ‘ഹംസഫറി’ൽ ഗാനം ആലപിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ആദ്യ ആൽബമായ ‘പൽ’ വലിയ ഹിറ്റായിരുന്നു. ഈ ആൽബത്തിന് മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്‌ക്രീൻ അവാർഡ് ലഭിച്ച്ട്ടുണ്ട്. ഗായകനായിരുന്ന കിഷോർ കുമാർ, സംഗീത സംവിധായകൻ ആർ. ഡി. ബർമൻ എന്നിവർ കെകെയെ സ്വാധീനിച്ചിട്ടുണ്ട്. മൈക്കിൽ ജാക്‌സൻ, ബില്ലി ജോൾ, ബ്രയാൻ ആഡംസ് എന്നീ ഹോളിവുഡ് ഗായകരാണ് കെകെയുടെ ഇഷ്ടപ്പെട്ട ഗായകർ.

തൃശൂർ വേരുകളുള്ള മലയാളി ദമ്പതികളായ സി.എസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിലാണ് കൃഷ്ണകുമാർ കുന്നത്ത് ജനിച്ചത്. ഡൽഹിയിലെ മൗണ്ട് സെന്റ് മേരീസ് സ്‌കൂളിലാണ് പഠനം.1999 ക്രിക്കറ്റ് വേൾഡ് കപ്പിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ ‘ജോഷ് ഓഫ് ഇന്ത്യ’ എന്ന ഗാനം പാടിയതും കെ.കെയാണ്.
കെ കെ എന്ന പേരിൽ ആരാധക വൃന്ദങ്ങളെ ത്രസിപ്പിച്ച ഗായകന്റെ വിയോഗം സംഗീതപ്രേമികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.