മുത്തങ്ങയില്‍ 7 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി നാല് മലപ്പുറം സ്വദേശികൾ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 80 ഗ്രാം എംഡിഎംഎയാണ് പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ ആനക്കയം ചുണ്ടിയന്‍മൂച്ചി ദാനിഷ് (26) മണ്ണമ്പാറ ഇരുമ്പുഴി കെ ഫവാസ് (26), ആനക്കയം തച്ചറക്കുന്നുമ്മല്‍ അഹമ്മദ് ഫായിസ് (26), പന്തല്ലൂര്‍ ഒറ്റകത്തങ്ങായില്‍ സെയ്‌നുല്‍ ആബിദ് (25)എന്നിവരെയാണ് ബുധാനാഴ്ച രാവിലെ പിടികൂടിയത്.

രഹസ്യവിപണിയില്‍ ഏകദേശം ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന അതിമാരകമയക്ക് മരുന്നായ എംഡിഎംഎയാണ് പിടികൂടിയത്. സംഘം സഞ്ചരിച്ചിരുന്ന കെ എല്‍ പതിനാല് ക്യൂ അഞ്ച് നമ്പര്‍ സ്വിഫ്റ്റ് കാറില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗീഷ് എആര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി ആര്‍ ബാബുരാജ്, സുരേഷ് വെങ്ങാലി, സിഇഒമാരായ അനുപ്, സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കേരള-കര്‍ണാടക അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്തുന്നവരെ കണ്ടെത്തുന്നതിനായി എക്‌സൈസിന്റെ നേതൃത്വത്തില്‍ അതിശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. ജനുവരിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മുത്തങ്ങയില്‍ നിന്ന് തന്നെ അര കിലോയോളം വരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. അങ്കമാലി, ആലുവ, ആലപ്പുഴ സ്വദേശികളായ മൂന്ന് പേരായിരുന്നു അന്ന് അറസ്റ്റിലായത്. എംഡിഎംഎക്ക് സമാനമായ മെത്താംഫിറ്റമിനാണ് അന്ന് പിടികൂടിയത്.