കോട്ടക്കലിൽ യുവാവ് വെടിയെറ്റു മരിച്ച സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: കോട്ടക്കൽ ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് പിടിയിലായത്. ഇർഷാദിന് വെടിയേൽക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരാണിവർ. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥരീകരിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ആക്കപ്പറമ്പ് സ്വദേശി ഇർഷാദ് കൊല്ലപ്പെടുന്നത്. ഇർഷാദും അറസ്റ്റിലായ അഞ്ച് പേരും പന്നിവേട്ടയ്ക്ക് പോയതായിരുന്നു. നാടൻതോക്ക് ഉപയോഗിച്ചായിരുന്നു പന്നിവേട്ട. ഇതിനിടെയാണ് ഇർഷാദിന് വെടിയേൽക്കുന്നത്. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇർഷാദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി വെടിവെക്കുകയായിരുന്നെന്നും പൊലീസ് സംശയിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സ്വദേശി അസ്‌കർ അലി ,ചെറുപറമ്പ് സ്വദേശി സുനീഷ് എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.