മീഡിയ വണിന്റെ സംപ്രേഷണ വിലക്കിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ.

ന്യൂഡൽഹി: മീഡിയ വണിന്റെ സംപ്രേഷണ വിലക്കിയതിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ദേശ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ കേന്ദ്ര സർക്കാരിന് ഇന്ത്യൻ തെളിവ് നിയമ പ്രകാരം പ്രത്യേക അവകാശമുണ്ടെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ദേശസുരക്ഷയുമായി ബന്ധപ്പെട്ടതായതിനാൽ വിവരങ്ങൾ ചാനലിനെ അറിയിക്കേണ്ടതില്ല. കോടതി ആവശ്യപ്പെട്ടാൽ ഇനിയും വിവരങ്ങൾ സമർപ്പിക്കാൻ തയ്യാറാണെന്നും കേന്ദ്ര വാർത്ത വിതരണം വകുപ്പ് ഡയറക്ടർ അറിയിച്ചു. കേസിൽ അന്തിമ വാദം കേൾക്കാൻ നിശ്ചയിച്ചതിനെ തുടർന്നാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. കേസിൽ മറുപടി നൽകാൻ കേന്ദ്രം രണ്ട് തവണ സമയം നീട്ടി ചോദിച്ചിരുന്നു.

ചാനലിന്റെ സംപ്രേഷണം വിലക്കിയ നടപടി മാർച്ച് അഞ്ചിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31ന് വിലക്കിയത്. വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ചാനലിന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു.