അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് ശല്യം ചെയ്യൽ: സീന ഐക്കരപ്പടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റിൽ
മലപ്പുറം: സോഷ്യല്‍ മീഡിയ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് ചാരിറ്റി പ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത യുവാവ് തേഞ്ഞിപ്പലം പോലീസിൻ്റെ പിടിയില്‍. ചാരിറ്റി പ്രവര്‍ത്തക കൂടിയായ സീന ഐക്കരപ്പടിയുടെ പരാതിയില്‍ വൈക്കം മറവന്‍തുരുത്ത് സ്വദേശി അപ്പക്കോട് സുമേഷി (43) നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തൻ്റെ പേരില്‍ വ്യാജ ഗ്രൂപ്പുകളുണ്ടാക്കിയും മറ്റും ഒരു വര്‍ഷത്തോളമായി ശല്യം ചെയ്യുകയായിരുന്നുവെന്ന് സീന ഐക്കരപ്പടി പറഞ്ഞു. സമൂഹ മാധ്യമത്തില്‍ അപമാനിച്ചു. കൂടുതല്‍ ആളുകള്‍ ഇതിന് പിന്നിലുണ്ട്. ഫേസ്ബുക്ക് പേജിലൂടെയും മറ്റും നിരവധി പേർ ശല്യപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു. നേരത്തെ സൈബര്‍ സെല്ലിനും സീന പരാതി നല്‍കിയിരുന്നു.
എന്തു തെമ്മാടിത്തരവും പറയാനുള്ളതല്ല സ്ത്രീകള്‍. ഇനിയെങ്കിലും സ്ത്രീകള്‍ പ്രതികരിക്കാന്‍ പഠിച്ചില്ലെങ്കില്‍ സമൂഹത്തിനെ പേടിച്ച് അവര്‍ മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണമെന്നും ചൂണ്ടിക്കാട്ടി വിഷയത്തില്‍ സീന ഐക്കരപ്പടി നേരത്തെ ഫേസ്ബുക്ക് ലൈവില്‍ വരികയും ചെയ്തിരുന്നു.