ഗവ. കോളജുകളിൽ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം
തിരുവനന്തപുരം: ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് കന്റീൻ വഴി സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവ. കോളജുകളിലെ കന്റീൻ നടത്തിപ്പ് കുടുംബശ്രീക്കു കൈമാറി. മറ്റു വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിനു കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നൽകണം.

അർഹരായ വിദ്യാർത്ഥികളെ നാലു മാനദണ്ഡങ്ങൾപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 30 കിലോമീറ്ററിലേറെ ദൂരെനിന്നു വരുന്നവരും, മാതാപിതാക്കൾ മരിച്ചവർ, രക്ഷിതാവ് രോഗം ബാധിച്ചു കിടപ്പിലായവർ, കടുത്ത രോഗബാധിതരും 30 കിലോമീറ്ററിലേറെ ദൂരെ നിന്നു വരുന്നവരും. ഒരു കോളജിനു മാസം പരമാവധി 5 ലക്ഷം രൂപ സർക്കാർ നൽകും.
ക്യാംപസിൽ കൃഷി നടത്താനും ഈ ജോലിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് മണിക്കൂറിന് 100 രൂപ വീതം പ്രതിഫലം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ഗവ.കോളജുകൾക്കും 10,000 രൂപ വീതം അനുവദിച്ചു.