തൃക്കാക്കരയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഉമ തോമസ് നിയമസഭയിലേക്ക്

കൊച്ചി: തൃക്കാക്കരയിൽ മിന്നുന്ന വിജയത്തോടെ യുഡിഎഫ്. പി ടി തോമസിന്റെ മണ്ഡലം അദ്ദേഹത്തിന്റെ ഭാര്യ ഉമയിലൂടെ കോൺഗ്രസ് നിലനിർത്തി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചിരിക്കുന്നത്. ബെന്നി ബെഹനാൻ നേടിയ ഭൂരിപക്ഷത്തെയും കടത്തിവെട്ടിയാണ് ഉമയുടെ വിജയം. ഉമയ്ക്ക് 25,016 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ജോ ജോസഫ് എന്ന ഡോക്ടറെ ഇറക്കിയുള്ള എൽഡിഎഫിന്റെ പരീക്ഷണം അമ്പേ പരാജയപ്പെടുകയും ചെയ്തു. സെഞ്ച്വറി തികയ്ക്കാൻ വേണ്ടി സർവ്വ സന്നാഹങ്ങളുമായി ഇറങ്ങിയ എൽഡിഎഫിന് വൻ തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പു നൽകിയത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ വോട്ടു നില ഇങ്ങനെ:

ഉമ തോമസ് 72770 (53.76%)
ഡോ. ജോ ജോസഫ് 47754 (35.28%)
എഎൻ രാധാകൃഷ്ണൻ 12957 (9.57%)
അനിൽ നായർ 100 (0.07%)
ജോമോൻ ജോസഫ് സ്രാമ്പിക്കൽ 384 (0.28)
സിപി ദിലീപ് നായർ 36 (0.03%)
ബോസ്‌കോ കളമശ്ശേരി 136 (0.1%)
മന്മഥൻ 101 (0.07%)
നോട്ട 1111 (0.82%)

കഴിഞ്ഞ ഒരു മാസത്തോളമായി കേരള മന്ത്രിസഭ മുഴുവൻ തൃക്കാക്കര കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പല വിധത്തിലുള്ള പ്രചരണങ്ങളുമായി ഭരണമുന്നണി കളം നിറഞ്ഞിട്ടും പി ടി തോമസ് മനസ്സിലേറ്റിയ മണ്ഡലം വിജയം നേടുകയായിരുന്നു. വൻ വിജയത്തോടെ കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി ഉമ തോമസ് മാറി. ഒന്നാം റൗണ്ട് മുതൽ ഉമ തോമസിന്റെ ആധിപത്യം പ്രകടമായിരുന്നു. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും നില മെച്ചപ്പെടുത്തി മുന്നേറുകയായിരുന്നു കോൺഗ്രസ്.

ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എൻ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കിയിയായി.

പോസ്റ്റൽ വോട്ടിൽ തുടങ്ങിയ കുതിപ്പ്

പോസ്റ്റൽ വോട്ടു മുതൽ ഉമ തോമസ് മുന്നിൽ നിന്നിരുന്നു. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഇത്തവണ ആകെ പത്തെണ്ണം മാത്രമാണുണ്ടായിരുന്നത്. 83 വോട്ടുകൾക്ക് അപേക്ഷ കിട്ടിയിരുന്നെങ്കിലും തിരിച്ച് വന്നത് പത്തെണ്ണം മാത്രം. അതിൽ വെറും ഒരു വോട്ടിന്റെ ലീഡ് മാത്രമാണ് ഉമ തോമസിന് കിട്ടിയത്. മൂന്ന് വോട്ടുകൾ അസാധുവായി. മൂന്ന് വോട്ടുകൾ ഉമ തോമസിന് കിട്ടി. രണ്ട് വോട്ടുകൾ വീതമാണ് എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്ക് കിട്ടി. ആകെ പത്ത് റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ആദ്യ എട്ട് റൗണ്ടുകൾ കോർപ്പറേഷൻ ഡിവിഷനുകളാണെങ്കിൽ അവസാന രണ്ടെണ്ണം തൃക്കാക്കര മുൻസിപ്പാലിറ്റിയായിരുന്നു.

രാവിലെ 8.40-ഓടെ ആദ്യറൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസ് മുന്നിലെത്തി. 2518 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ തോമസിന് ആദ്യറൗണ്ടിൽ കിട്ടിയത്. ഇടപ്പള്ളി, പോണേക്കര എന്നീ ഡിവിഷനുകളിലെ 15 ബൂത്തുകളിലും ഉമ തോമസ് മുന്നിലെത്തി. 1500 വോട്ടുകളുടെ ലീഡാണ് ഇവിടെ യുഡിഎഫ് പ്രതീക്ഷിച്ചത്. പി.ടി.തോമസിന് 2021-ൽ ഇവിടെ നിന്ന് കിട്ടിയത് 1258 വോട്ടുകളുടെ ലീഡ് മാത്രമാണ്. അതിലും ഉയർന്ന ലീഡ് ഉമ നേടിയതോടെ യുഡിഎഫ് കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം തുടങ്ങിയിരുന്നു.
രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ ഉമയുടെ ലീഡ് 4487-ലേക്ക് ഉയർന്നു. കഴിഞ്ഞ തവണ രണ്ടാം റൗണ്ടിൽ പി ടി തോമസിന് കിട്ടിയത് 1180 വോട്ടുകളാണ് എന്നതാണ് ശ്രദ്ധേയം. ഉമ തോമസിന് ഈ റൗണ്ടിൽ കിട്ടിയത് 1969 വോട്ടുകളാണ്. ഇതോടെ വൻ യുഡിഎഫ് തരംഗം തന്നെയാണ് തൃക്കാക്കരയിൽ എന്നുറപ്പായി. മൂന്നാം റൗണ്ടിൽ ഉമ തോമസിന്റെ ലീഡ് ആറായിരത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്. 6047 വോട്ടുകൾക്ക് ലീഡ് ചെയ്തു ഉമ. കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് ആകെ പ്രതീക്ഷിച്ചത് ഏഴായിരം വോട്ടായിരുന്നെങ്കിൽ മൂന്ന് റൗണ്ടിൽത്തന്നെ അതിലേക്ക് എത്തുന്ന കാഴ്ചയോടെ ഡിസിസി ഓഫീസിൽ ആവേശമുദ്രാവാക്യങ്ങളുയർന്നു.

ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമ തോമസ് ഭർത്താവും മുൻ എംഎൽഎയുമായ പി ടി തോമസിന്റെ ഭൂരിപക്ഷം പിന്നിട്ടിരുന്നു. 14,239 ആയിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയായിരുന്നു ഇത്തവണ ഉമ തോമസിന്റെ കുതിപ്പ്. കെവി തോമസിനെതിരെയാണ് മറ്റ് മുദ്രാവാക്യങ്ങളുയർന്നത്. ‘കെ വി തോമസേ, നിന്നെ പിന്നെ കണ്ടോളാം’ എന്ന് പ്രവർത്തകർ കൂട്ടം കൂടി നിന്ന് മുദ്രാവാക്യം വിളിച്ചു.

കണക്കു തെറ്റിയെന്ന് സിപിഎം

അതിനിടെ, തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പ്രതികരിച്ചു. ഇങ്ങനെ ഒരു ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എൻ. മോഹനൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് മുഖ്യമന്ത്രി നേരിട്ടല്ലെന്നും ഭരണം വിലയിരുത്താൻ ഇത് സംസ്ഥാന തെരഞ്ഞെടുപ്പല്ലെന്നും സിഎൻ മോഹനൻ പറഞ്ഞു.

പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത്. ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല. ഉപതെരഞ്ഞെടുപ്പിൽ ഇത്തരമൊരുഫലം പ്രതീക്ഷിച്ചിരുന്നില്ല ഉമ തോമസിന്റെ ഭൂരിപക്ഷം ഇത്രയും വരുമെന്ന് കരുതിയില്ലെന്നും പോരായ്മകൾ പരിശോധിക്കുമെന്നും മോഹനൻ പറഞ്ഞു. ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായി വിലയിരുത്തലെന്ന് ലീഗ് പറഞ്ഞു. എൽഡിഎഫിന്റെ വിഭാഗീയത രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്ന് സാദിഖലി ശിഹാബ് തങ്ങൾ വിലയിരുത്തി.

പിടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമായിരുന്നു.