പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റില്‍

ഇടുക്കി: പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട്‌ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശികളായ ഖേം സിംഗ്, മഹേഷ് കുമാർ യാദവ് എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാംത്സംഗത്തിന് മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണിവര്‍. ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് രണ്ട് പേര്‍ കൂടി തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ ഇന്നലെ രാത്രി തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാള്‍ സ്ഥലത്തെ റൂമില്‍ വെച്ചും മറ്റൊരാള്‍ തേയിലത്തോട്ടത്തില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. കേസിൽ നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഞായറാഴ്ച്ച വൈകുന്നേരമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി തേയിലത്തോട്ടത്തില്‍ വച്ച് ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തി ഇരുക്കുമ്പോഴായിരുന്നു സംഭവം.

രാജാക്കാട് ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബംഗാള്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്‌കോ ഔട്ട് ലെറ്റില്‍ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടര്‍ന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ചു പേര്‍ ഇവരുടെ അടുത്തെത്തിയത്. ഇവര്‍ സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരില്‍ ചിലരെത്തി. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.