വീണ്ടും പഴകിയ മത്സ്യങ്ങൾ; പിടിച്ചെടുത്ത്‌ നശിപ്പിച്ചത് 500 കിലോ

കൊല്ലം: കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ബോട്ടിന്റെ സ്റ്റോറിലെ മത്സ്യത്തിൽ രാസപഥാർത്ഥ സാന്നിധ്യം കണ്ടെത്താൻ മത്സ്യ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനക്കായി കൊച്ചിയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് അയച്ചു.

ഭക്ഷ്യ സുരക്ഷ കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അജി.എസ് നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകൾ റെയിഡിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായുള്ള ‘ഓപ്പറേഷന്‍ മത്സ്യ വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1070 പരിശോധനകളാണ് നടത്തിയത്.