വേ ടു നിക്കാഹിലൂടെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും കവരും; പ്രതിയെ വലയിലാക്കി മലപ്പുറം പോലീസ്
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി അവിവാഹിതരായ സ്ത്രീകളുടെ സ്വർണവും പണവും തട്ടുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടിൽ അസറുദ്ദീൻ (38) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ പരാതിയിൽ കരുവാരക്കുണ്ട് ഇൻസ്‌പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വേ ടു നിക്കാഹ് എന്ന വിവാഹ ആപ്പ് വഴിയാണ് ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാറ്. പ്രായമായവരേയും വിവാഹം കഴിക്കാത്തവരുമായ സ്ത്രീകളേയുമാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കാറ്. രജിസ്റ്റർ ചെയ്യുന്നവരുടെ ഐഡി കാർഡ്, ഫോട്ടോ, നമ്പർ, ആധാർ കാർഡ് തുടങ്ങി രഹസ്യസ്വഭാവമുള്ള വിവരങ്ങൾ എല്ലാം തന്നെ ഈ ആപ്പിൽ ലഭ്യമാണ്. ഇതിൽ നിന്നും നമ്പറും മേൽ വിലാസവും കൈക്കലാക്കുന്ന ഇയാൾ സ്ത്രീകളുമായി ഫോണിൽ സൗഹൃദം സ്ഥാപിക്കും. വീഡിയോ കോൾവഴിയാണ് ഇയാൾ സ്ത്രീകളുടെ വിശ്വാസം പിടിച്ചുപറ്റുക.
ഹെയർ ഓയിൽ കമ്പനി ഉടമായാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്താറ്. വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകി ഇയാൾ സ്ത്രീകളുമായി ചെറിയ സാമ്പത്തിക ഇടപാട് ആരംഭിക്കും. പിന്നീട് വലിയ തുകയും സ്വർണവും കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്. സർക്കാർ ഉദ്യോഗസ്ഥയുൾപ്പെടെ നിരവധി പേരെയാണ് ഇയാൾ തട്ടിപ്പ് ഇരയാക്കിയിട്ടുള്ളത്.
അടുത്തിടെ തട്ടിപ്പിന് ഇരയായ കരുവാരക്കുണ്ട് സ്വദേശിനിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സമാനമായ തട്ടിപ്പുകൾ പുറത്തുവരികയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം റോയൽ വിൻ എന്ന ആപ്പിൽ ചീട്ട് കളിക്കാനായാണ് ഇയാൾ വിനിയോഗിക്കാറ്. കളിച്ച് കയ്യിലെ പണം കഴിയുമ്പോൾ മറ്റൊരു സ്ത്രീയെ കണ്ടെത്തി പണം തട്ടും.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നാല് വിവാഹം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ വിവാഹം ചെയ്തിട്ടുള്ളത്.