ബൈക്കിൽ നിന്ന് വീണ് ബസിന് അടിയിൽ പെട്ട് യുവതി മരണമടഞ്ഞു.

തലശേരി:ബൈക്കിൽ നിന്നും തെറിച്ചു വീണ് സ്വകാര്യബസ്സിനടിയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ പ്രവാസിയുടെ ഭാര്യയായ യുവതി ആശുപത്രിയിൽ മരണപ്പെട്ടു. അണ്ടലൂർ പുതുവയൽ ശ്രീ പത്മത്തിൽ ഹരീന (40)യാണ് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സക്കിടെ കഴിഞ്ഞ ദിവസം രാവിലെ മരണമടഞ്ഞത്.

ഇക്കഴിഞ്ഞ മെയ്‌ 27 ന് സന്ധ്യയ്കാണ് ചിറക്കുനി, അണ്ടലൂർ റോഡിൽ പാൽ സൊസൈറ്റിക്കടുത്ത വളവിൽ ബൈക്ക് യാത്രികരായ ഹരീനയും ഭർത്താവും അപകടത്തിൽ പെട്ടത്. ചിറക്കുനി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തലശ്ശേരിയിൽ നിന്ന് അണ്ടലൂരിലേക്ക് പോവുകയായിരുന്ന ശ്രീശൈലം ബസ്സുമാണ് അപകടത്തിൽ പെട്ടത്. ബൈക്കിൽ നിന്നും ബസ്സിനടിയിൽ വീണ ഹരീനയുടെ കാലുകൾ ബസ്സിന്റെ മുൻ ചക്രത്തിൽ പെട്ടു ചതഞ്ഞു. തലയ്ക്കും പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്നും പ്രവീൺ എതിർദിശയിലേക്ക് വീണതിനാൽ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

അണ്ടലൂർ പുതുവയലിലെ പ്രവാസിയായിരുന്ന പ്രവീണിന്റെ ഭാര്യയാണ്. ഏക മകൻ അനുജിത്ത്: കോടിയേരി പപ്പന്റെ പീടികക്കടുത്ത ഹരിദാസൻ, രജിത ദമ്പതികളുടെ മകളാണ് ഹരിന. പ്രവീണ, പ്രശോഭ് സഹോദരങ്ങളാണ്