തിരൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ടു
മലപ്പുറം: തിരൂർ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ സ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരും പ്രതിഷേധത്തിനെത്തിയിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഈ വേറിട്ട സമരരീതി.

സിൽവർലൈനിന്റെ മഞ്ഞനിറത്തിലുള്ള സർവേ കല്ലുകൾ പിഴുതുമാറ്റി ആ സ്ഥാനത്താണ് പ്രതിഷേധക്കാർ മരങ്ങൾ വെച്ചുപിടിച്ചിരിക്കുന്നത്. കെ റെയിൽ കല്ലിടൽ നിർത്തിയിട്ടും പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. മലപ്പുറത്ത് പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ തെക്കൻ കുറ്റൂർ കോലുപാലം മേഖലകളിലാണ് സമരമരം നട്ടത്. സമരക്കാരുടെ നേതൃത്വത്തിൽ കെ റെയിൽ കുറ്റികളെ പിഴുതുമാറ്റി പ്രതീകാതമകമായി ശവസംസ്കാരവും നടത്തി.

കെ റെയിലിനെതിരായ മുദ്യാവാക്യങ്ങളും പാട്ടുകളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പദ്ധതി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. മലപ്പുറത്ത് കെ റെയിൽ വരാൻ അനുവദിക്കില്ലെന്നാണ് കുട്ടികൾ ഉൾപ്പടെയുള്ളവർ പറയുന്നത്.
കല്ലിടല്‍ നിര്‍ത്തിയെങ്കിലും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ് സർക്കാർ. കല്ലിടാതെയും ജനങ്ങളോട് യുദ്ധം ചെയ്യാതെയും പദ്ധതി നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
