ഗാന്ധിക്കൊപ്പം ഇനി മുതൽ രണ്ട് പേരുടെ ചിത്രങ്ങൾ കൂടി നോട്ടുകളിൽ ഇടം നേടിയേക്കും
മുംബയ്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണാത്ത ഒരു ദിവസവും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കുക ഇല്ല. കാരണം റിസർവ് ബാങ്ക് ഇറക്കുന്ന എല്ലാ നോട്ടുകളിലും പുഞ്ചിരിയോടെ നോക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഗാന്ധിജിക്ക് ഒപ്പം രാജ്യത്തിന് ഏറെ സംഭാവനകൾ നൽകിയ മറ്റു ചില നേതാക്കളുടെ ചിത്രവും നോട്ടുകളിൽ കൊണ്ടുവരാൻ ആർ ബി ഐ ആലോചിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യമായി രവീന്ദ്രനാഥ ടാഗോറിന്റെയും, എപിജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ നോട്ടുകളിൽ ഉപയോഗിക്കുവാനാണ് ആർബിഐ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദേശീയ ഗാനത്തിന്റെ രചയിതാവായ രവീന്ദ്രനാഥ ടാഗോറും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും മിസൈൽ മാൻ എന്ന നാമത്തിൽ അറിയപ്പെടുന്ന എപിജെ അബ്ദുൾ കലാമും ഗാന്ധിയ്‌ക്കൊപ്പം രാജ്യത്തിന്റെ നോട്ടുകളിൽ ഇടം നേടിയേക്കും. പുതിയ സീരീസ് ബാങ്ക് നോട്ടുകളിലാവും ഈ മാറ്റം ഉണ്ടാവുക. ഇതാദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ നോട്ടുകളിൽ ഉപയോഗിക്കാൻ ആർബിഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എസ്പിഎംസിഐഎൽ) ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രവീന്ദ്രനാഥ ടാഗോറിന്റെയും എപിജെ അബ്ദുൾ കലാമിന്റെയും ഒന്നിലധികം ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പിൾ ഇതിനായി തയ്യാറാക്കും. അന്തിമ തീരുമാനം ഉന്നത തലത്തിൽ സ്വീകരിക്കും. മൂന്ന് വാട്ടർമാർക്ക് സാമ്പിളുകളുടെ രൂപകൽപ്പനയ്ക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
വിദേശരാജ്യങ്ങളുടെ കറൻസികളിൽ ഒന്നിലധികം നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്ന പതിവുണ്ട്. യുഎസ് ഡോളറിന്റെ വ്യത്യസ്ത മൂല്യങ്ങളുള്ള നോട്ടുകളിൽ ജോർജ്ജ് വാഷിംഗ്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, തോമസ് ജെഫേഴ്സൺ, ആൻഡ്രൂ ജാക്സൺ, അലക്സാണ്ടർ ഹാമിൽട്ടൺ, എബ്രഹാം ലിങ്കൺ ഉൾപ്പെടെ 19ാം നൂറ്റാണ്ടിലെ ഏതാനും പ്രസിഡന്റുമാരുടെയും ഛായാചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.