സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. വയറിളക്കം വന്ന രണ്ട് കുട്ടികളിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. വിഴിഞ്ഞത്തെ എൽഎംഎൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.

വിഴിഞ്ഞത്തെ സ്‌കൂളിൽ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികളുടെ സാമ്പിൾ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിൽ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

പലതരം വകഭേദങ്ങളുള്ള ആർഎൻഎ വൈറസാണ് നോറോ.വിന്റർ വൊമിറ്റിംഗ് രോഗം എന്ന പേരുകൂടി ഇതിനുണ്ട്.മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയു പ്രധാനമായും പടരുന്നത്. രോഗികളുമായുള്ള സമ്പർക്കത്തിലൂടെ പടരാനുള്ള സാധ്യതയുമുണ്ട്.

രോഗിയിൽ നിന്ന് പുറത്തെത്തുന്ന സ്രവത്തിലടങ്ങിയ വൈറസ്, പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും.കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കുന്നു.അണുബാധ ആമാശയത്തേയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗായ്‌സട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങും. നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറൽ മരുന്നോ വാക്സിനോ നിലവിലില്ല.