ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; അന്വേഷണം തുടങ്ങി

ചെന്നൈ: തമിഴ്‌നാട് കടലൂരിൽ ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കെടിലം പുഴയിലെ തടയണയ്ക്ക് സമീപമാണ് ഇവർ കുളിക്കാനിറങ്ങിയത്. മൃതദേഹങ്ങൾ കടലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. നെല്ലിക്കുപ്പത്തിന് സമീപമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളും പെൺകുട്ടികളും ചേർന്ന് കെടിലം പുഴയിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. എന്നാൽ നദിയിലെ നീരൊഴുക്ക് പൊടുന്നനെ വർധിച്ചതോടെയാണ് അപകടം.

സംഭവസമയം ഇതിലെ കടന്നു പോയവർ സ്ത്രീകളുടെ നിലവിളി കേട്ട് എത്തി മുങ്ങിപ്പോയവരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും എല്ലാവരും അതിനോടകം മരണപ്പെട്ടിരുന്നു. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.