കാറിന്‍റെ രഹസ്യ അറകളിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചുവെച്ച കുഴൽപ്പണം പോലീസ് പിടികൂടി
മലപ്പുറം: മഞ്ചേരിയിൽ കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണം പോലീസ് പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 67.75 ലക്ഷം രൂപയാണ് മഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫാണ് പോലീസ് പിടിയിയിലായത്. മഞ്ചേരിയിൽ വിതരണക്കാർക്ക് നൽകാൻ കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണം ആണ് പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേരി അങ്ങാടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇയാൾ പണം കാറിന്‍റെ രഹസ്യ അറകളിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചുവെച്ച് വിതരണക്കാർക്ക് നൽകാൻ എത്തുന്നതിന് ഇടയിലാണ്
പോലീസ് വലയിലായത്. 500 രൂപാ നോട്ടുകളായാണ് പണം കടത്താൻ ശ്രമിച്ചത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേരി സി.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിനുള്ള പോലീസ് സംഘമാണ് പണം പിടികൂടിയത്.
സംഭവത്തിൽ ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവർക്ക് റിപ്പോർട്ട് നൽകുമെന്ന് പോലീസ് പറഞ്ഞു. അതേസമയം മലപ്പുറം ജില്ലയിൽ ഈ അടുത്ത കാലത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച കോടികളുടെ രേഖകളില്ലാത്ത പണമാണ് പോലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇതിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കുഴൽപ്പണ വേട്ട നടന്നത്. ഇതിന് പിന്നാലെയാണ് മഞ്ചേരിയിലും സമാനമായ രീതിയിൽ കുഴൽപ്പണം പിടികൂടിയത്.