പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് മുങ്ങി, വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തി വീണ്ടും സ്വകാര്യ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രവാസി പിടിയിൽ
വെള്ളറട: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുലശേഖരം ചക്രപാണി മണിയൻകുഴി ആമ്പാടി ചാനൽക്കരവീട്ടിൽ പ്രകാശ് (27) ആണ് പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് പോയി വർഷങ്ങൾക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തി. മുൻപ് രഹസ്യമായി പകർത്തിയ സ്വകാര്യ ഫോട്ടോകൾ വീണ്ടും അയച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ് തമിഴ്നാട്ടിലെ തിരുപ്പൂർ, തേനി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപു എസ്.കുമാർ, സിവിൾ പൊലീസ് ഓഫീസർമാരായ പ്രഭുല ചന്ദ്രൻ, അനീഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.