കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ട് കിലോയിലധികം സ്വർണമിശ്രിതം പിടികൂടി
കരിപ്പൂർ: കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുന്നു. വ്യാഴാഴ്ച രണ്ട് യാത്രക്കാരിൽ നിന്നായി കണ്ടെടുത്തത് 2.0842 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം. രണ്ട് പേരും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വയനാട് കല്പറ്റ സ്വദേശി ഡാനിഷ് , അരീക്കോട് സ്വദേശി അബ്ദുറഹ്മാൻ, സ്വർണം സ്വീകരിക്കാൻ എത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുൽ നിഷാദ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.
വ്യാഴാഴ്ച രാവിലെ അബുദാബിയിൽ നിന്നും കരിപ്പൂരിൽ എത്തിയ 6E 1845 വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നു ഡാനിഷ്. സംശയത്തെ തുടർന്ന് എയർപോർട്ടിലെ പോലീസ് എയ്ഡ് പോസ്റ്റിൽ കൊണ്ട് വന്ന് ചോദ്യം ചെയ്തപ്പോൾ ഡാനിഷ് സ്വർണം കടത്തിക്കൊണ്ടുവന്ന കാര്യം സമ്മതിച്ചു. തുടർന്ന് എക്സറേ പരിശോധനയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച 4 ക്യാപ്സ്യൂളുകൾ തെളിയുകയും ചെയ്തു. 1.012 കിലോ സ്വർണ മിശ്രിതമാണ് ഡാനിഷ് 4 ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ 11.10 ന് ജിദ്ദയിൽ നിന്ന് വന്ന 6E1843 വിമാനത്തിലെ യാത്രക്കാരൻ ആണ് അരീക്കോട് സ്വദേശി അബ്ദുറഹ്മാൻ. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അബ്ദു റഹ്മാനെയും ഇയാളെ കൂട്ടിക്കൊണ്ടു പോകാൻ ഓട്ടോറിക്ഷയുമായി എത്തിയ അബ്ദുൽ നിഷാദിനെയും പോലീസ് സംശയം തോന്നി പോലീസ് ചോദ്യം ചെയ്യുക ആയിരുന്നു. 4 ക്യാപ്സ്യൂളുകളിൽ സ്വർണ മിശ്രിതം നിറച്ച് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത് സമ്മതിച്ചു. എക്സറേ പരിശോധനയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച ക്യാപ്സ്യൂളുകൾ കണ്ടെത്തി.
1.072 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. കീഴിശ്ശേരി സ്വദേശിയായ ഹനീഫ എന്നയാളാണ് ഓട്ടോറിക്ഷ ഒരുക്കിയത്. സ്വർണവുമായി എത്തിയ അബ്ദുറഹ്മാനെ അരീക്കോട്ടെ ഒരു വീട്ടിൽ എത്തിക്കാൻ ആയിരുന്നു ഇയാൾക്ക് കിട്ടിയ നിർദേശം. അബ്ദുറഹ്മാന്റെ ഫോട്ടോയും ഇയാളുടെ മൊബൈലിൽ ഉണ്ടായിരുന്നു.
ബുധനാഴ്ചയും പോലീസ് കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ 3 കാപ്സ്യൂളുകളിൽ ആക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേരും പിടിയിൽ ആയി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് കെ.പി. എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ ബഹ്റൈനിൽ നിന്ന് വന്ന ജിഎഫ് 260 ലെ യാത്രക്കാരൻ ആയിരുന്നു റൗഫ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരിക ആയിരുന്നു.
ചോദ്യം ചെയ്തപ്പോൾ സ്വർണം കൊണ്ടു വന്ന കാര്യം പക്ഷേ റൗഫ് സമ്മതിച്ചില്ല. പക്ഷേ എക്സറേ പരിശോധനയിൽ ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച ക്യാപ്സ്യൂളുകൾ തെളിഞ്ഞു. 3 ക്യാപ്സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് റൗഫ് കടത്താൻ ശ്രമിച്ചത്.
ബുധനാഴ്ച രാവിലെ 8.05 ന് ബഹറിനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരൻ ആയിരുന്നു കോഴിക്കോട് പയ്യോളി സ്വദേശി നൗഷ്. ഇയാളെയും സംശയം തോന്നി പോലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരിക ആയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പക്ഷേ ഇയാള് സ്വർണം കടത്തിയത് സമ്മതിച്ചില്ല. തുടർന്ന് എക്സറേ പരിശോധനയിൽ ആണ് ശരീരത്തിന് ഉള്ളിൽ ക്യാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇയാള് കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 37 സ്വർണ കടത്ത് കേസുകൾ ആണ് കരിപ്പൂരിൽ പോലീസ് പിടികൂടിയത്. 18 കോടിയോളം രൂപ വില വരുന്ന 33 കിലോയോളം സ്വർണം ഇക്കാലയളവിൽ പോലീസ് വിമാനത്താവളത്തിന് മുൻപിലെ എയ്ഡ് പോസ്റ്റ് വഴി പിടികൂടി.