ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച വരുത്തുന്നു-വനിതാകമ്മീഷന്‍

തിരൂരിൽ നടന്ന അദാലത്തില്‍ തീര്‍പ്പാക്കിയത് ഏഴ് പരാതികള്‍

ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും അര്‍ഹമായ സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലായി കമ്മീഷന് മുന്നിലെത്തുന്നതായി വനിതാകമ്മീഷന്‍ അംഗം ഇ.എം രാധ. തിരൂര്‍ കോരങ്ങത്തെ ഇം.എം.എസ് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഭര്‍തൃമാതാവിന്റെ കാലശേഷമോ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി എത്തിയതിന് ശേഷമോ സ്വത്ത് കൈമാറുന്ന വിധത്തില്‍ രേഖകളാക്കുന്നത് മൂലം യുവതിയും കുട്ടികളും ബുദ്ധിമുട്ടിലാകുന്ന സാഹചര്യമാണുള്ളത്. ഇത്തരം പരാതികളില്‍ ഭര്‍തൃവീട്ടുകാരെ കൂടി വിളിച്ച് വരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

അദാലത്തില്‍ ആകെ 30 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഏഴ് പരാതികള്‍ തീര്‍പ്പാക്കിയപ്പോള്‍ നാല് പരാതികള്‍ പൊലീസ് അന്വേഷണത്തിനായി കൈമാറി. രണ്ട് പരാതികള്‍ കൗണ്‍സലിങ്ങിനായി വിട്ടു. ശേഷിക്കുന്ന 17 പരാതികള്‍ ജൂലൈ നാലിന് തിരൂരില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. അഡ്വക്കേറ്റുമാരായ രാജേഷ് പുതുക്കാട്, റീബ എബ്രഹാം എന്നിവരും അദാലത്തില്‍ പങ്കെടുത്ത് പരാതികള്‍ തീര്‍പ്പാക്കി.