മുഖ്യമന്ത്രിക്കെതിരെ കോട്ടക്കല്‍ മുതല്‍ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധം
. മലപ്പുറം: മലപ്പുറം കൂര്യാട് കോണ്‍ഗ്രസ്–ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
രാവിലെ, തൃശൂര്‍ കുന്നംകുളത്ത് പൊലീസിന്റെ കണ്ണുവെട്ടിച്ച് കരിങ്കൊടിയുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേയ്ക്കു ചാടി. കരിങ്കൊടി വീശുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയി. മുഖ്യമന്ത്രി ഇന്നലെ രാത്രി താമസിച്ച തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസിനു മുമ്പിലെ പാലസ്റോഡ് പതിനാലു മണിക്കൂര്‍ അടച്ചിട്ടു.
പ്രതിഷേധ പരമ്പരകൾക്കിടെയാണ് മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പരിപാടികൾ നടന്നത്. സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ മലപ്പുറം തവനൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കറുത്ത മാസ്ക് ഇന്നും പൊലീസ് വിലക്കി. കറുത്ത മാസ്ക് ധരിച്ച് ചടങ്ങിനെത്തിയവര്‍ക്ക് പൊലീസ് മഞ്ഞ മാസ്ക് നല്‍കി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയിരുന്നു. എന്നാല്‍ വിലക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് സമീപത്ത് യൂത്ത് കോണ്‍ഗ്രസ് , യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിലേക്ക് കടക്കാന്‍ പ്രതിഷേധക്കാരുടെ ശ്രമമുണ്ടായി. സ്ഥലത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി.