ഫുട്ബോള്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റവുമായി ഫിഫ

ഖത്തര്‍ ലോകകപ്പിന് മുന്‍പായി ഫുട്ബോള്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റവുമായി ഫിഫ. കോവിഡ് കാലത്ത് ഫുട്ബോള്‍ മത്സരങ്ങളില്‍ നടപ്പാക്കിയ അഞ്ച് സബ്സ്റ്റിട്യൂഷന്‍ ഇനി മുതല്‍സ്ഥിരപ്പെടുത്താന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്‍റെ തീരുമാനം. റിസര്‍വ് താരങ്ങളുടെ എണ്ണം 15 ആയി ഉയര്‍ത്താനും ധാരണയായി.

നേരത്തെ കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച സമയത്ത് കളിക്കാരുടെ ആരോഗ്യം കണക്കിലെടുത്താണ് ഒരു മത്സരത്തിലെ പകരക്കാരായി. ഇറക്കാവുന്ന കളിക്കാരുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ചായി ഫിഫ ഉയര്‍ത്തിയത്. ഇത് ഗുണം ചെയ്തുവെന്ന് വിലയിരുത്തിയ ഐഫാബ് വാര്‍ഷിക യോഗം അഞ്ച് സബ്സ്റ്റിട്യൂഷന്‍ എന്ന പുതിയ രീതി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

റിസര്‍വ് ബെഞ്ചിലെ കളിക്കാരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. നിലവില്‍ 12 കളിക്കാര്‍ക്കാണ് റിസര്‍വ് ബെഞ്ചില്‍ സ്ഥാനമുണ്ടായിരുന്നത്. ഇനിമുതല്‍ 15 പേരെ റിസര്‍വ് ബെഞ്ചില്‍ ഉള്‍പ്പെടുത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇക്കാര്യത്തില്‍ അതാത് ടൂര്‍ണമെന്‍റിന്‍റെ സംഘാടകരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

റഫറിമാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ വസ്ത്രത്തില്‍ ക്യാമറ ഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഓഫ് സൈഡ് തീരുമാനങ്ങളിലെ കൃത്യത ഉറപ്പാക്കാന്‍ സെമി ഓട്ടോമാറ്റഡ് സംവിധാനവും പരീക്ഷണഘട്ടത്തിലാണ്. എന്നാല്‍ ഇത് റഫറിമാരുടെ പ്രാധാന്യം കുറയ്ക്കില്ലെന്ന് ഫിഫ റഫറി തലവന്‍ പിയര്‍ ലുയിജി കൊളിന പറഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ ഇത് നടപ്പാക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെമി ഓട്ടോമേറ്റഡ് മെഷീനില്‍ നിന്നും വി.എ.ആറി(VAR) ലേക്കാണ് വിവരങ്ങള്‍ പോകുന്നത്. VAR ആണ് തീരുമാനം റഫറിയെ അറിയിക്കുന്നത്. ദോഹയില്‍ നടന്ന 136ാമത് ഐഫാബ് വാര്‍ഷിക യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.