ചെറുമീനുകളുടെ മത്സ്യബന്ധനം: അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി

മലപ്പുറം: കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിന് ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കേരള കടല്‍ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളെ പിടിക്കുന്നതിന് വലുപ്പത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നെയ്യ് മത്തി – 10 സെ.മീ, മാന്തല്‍ – 9 സി.മീ, പൂവാലന്‍ – 6 സെ.മീ, അയല – 14 സെ.മീ, പുതിയാപ്ല കോര – 12 സെ.മീ, കരിക്കാടി – 7 സെ.മീ, പരവ – 10 സെ.മീ, കേര, ചൂര – 31 സെ.മീ. 10 സെ.മീ ല്‍ താഴെയുള്ള അയല ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണം. നിയമാസുസൃതമായി കുറഞ്ഞ വലുപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങളുടെ മത്സ്യബന്ധനവും വിപണനവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.  കടല്‍ മത്സ്യബന്ധന മേഖലയെ പാടെ തകര്‍ക്കുന്ന ഇത്തരം രീതികളില്‍ നിന്ന് മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരും മാറി നില്‍ക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി വള്ളം, വല എന്നിവയുടെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.  അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവരില്‍ നിന്നും മത്സ്യം വാങ്ങുന്നവര്‍ക്കെതിരെയും മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെയും  നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.