Fincat

പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ തൂങ്ങി മരിച്ചു

മലപ്പുറം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ ഇന്ന് കോടതിയിൽ വിസ്താരം നടക്കാനിരിക്കെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ചു. ദളിത് ലീഗ് നേതാവും മഞ്ചേരി മുൻ മുനിസിപ്പൽ കൗൺസിലറുമായിരുന്ന മംഗലശ്ശേരി കാളിയാർതൊടി കുട്ടൻ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന കുട്ടനെ രാവിലെ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാരാണ് കണ്ടെത്തിയത്.

ഏറെ രാഷ്ട്രീയ വിവാദങ്ങളും ചർച്ചക്കും ഈ കേസ് കാരണമായിരുന്നു. മഞ്ചേരി നഗരസഭയിൽ പന്ത്രണ്ടാം വാർഡ് മംഗലശ്ശേരിയിൽ കൗൺസിലറായിരിക്കെ 2018 മാർച്ച് രണ്ടിനായിരുന്നു പൊലീസ് കുട്ടനെ അറസ്റ്റ് ചെയ്തത്. പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നായിരുന്നു കേസ്. കുട്ടി പരാതി നൽകിയെന്നറിഞ്ഞ് മുങ്ങിയ കുട്ടനെ ഗൂഡല്ലൂരിലെ ലോഡ്ജിൽ വച്ചാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

2nd paragraph

കൗൺസലറുടെ രാജി ആവശ്യപ്പെട്ട് മഹിളാ മാർച്ച് അടക്കം നിരവധി സമരങ്ങൾ നടന്നിരുന്നു. പ്രതിപക്ഷം പലതവണ കൗൺസിൽ യോഗത്തിൽ ബഹളം വെച്ചു. അവസാനം മുസ്ലിം ലീഗ് നേതൃത്വം ദളിത് ലീഗ് നേതാവായ കുട്ടനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷ്യൽ കോടതിയിൽ കേസ് അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് കാളിയാർ തൊടി കുട്ടന്റെ മരണം.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ സി ഐ മുഹമ്മദ് ഹനീഫ, സി ഐ എൻ ബി ഷൈജു എന്നിവരെ ഇന്നലെ കോടതി വിസ്തരിക്കാനിരിക്കുകയായിരുന്നു. ഇതിനകം 14 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. വിധിയിലുള്ള ആശങ്കയായിരിക്കാം മുൻകൗൺസിലറെ കടുംകൈ ചെയ്യാൻ പ്രേരിപ്പതെന്ന് പൊലീസ് സംശയിക്കുന്നു.

വിചാരണ നടപടികൾ ഇന്ന് അവസാനിക്കാൻ ഇരിക്കുകയായിരിന്നു. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ 14 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും 4 തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥർ, കുട്ടിയെ പരിചരിച്ച ഡോക്ടർ, അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ബുധനാഴ്‌ച്ച ഹാരജാകാൻ കോടതി നിർദ്ദേശം നൽകിയിരിന്നു. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികൾ നിർത്തിവെച്ചു.

അഡീഷണൽ എസ് ഐ ബഷീർ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഷൊർണ്ണൂർ ശാന്തി തീരത്ത് സംസ്‌കരിച്ചു. ഭാര്യ : ജാനകി. മക്കൾ : സുജീഷ്, സുനിൽ, സുധ, സുമ. മരുമക്കൾ: നീതു, സുന്ദരൻ, മഹേഷ്.