കെ.ടി ജലീൽ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കേരളത്തിൽ എത്തിച്ചത് 17 ടൺ ഈന്തപ്പഴം; എത്തിച്ച പെട്ടികളിൽ ചിലതിന് അസാധാരണ തൂക്കം; പല പെട്ടികളും അപ്രത്യക്ഷമായി; ഖുറാനും ഇറക്കുമതി ചെയ്തു; സ്വപ്‌നയുടെ വെളിപ്പെടുത്തൽ
കൊച്ചി: സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെ ടി ജലീലിനെതിരെ ഉന്നയിക്കുന്നത് ദുരൂഹതയുണർത്തുന്ന ആരോപണങ്ങൾ. കെ ടി ജലീലിന്റെ ബിനാമിയാണ് ലോജിസ്റ്റിക്‌സ് ഉടമയെന്ന് പറയുന്ന സ്വപ്‌ന കേരളത്തിലേക്ക് എത്തിച്ച ഇന്തപ്പഴത്തിന്റെ കൂട്ടത്തിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന സംശയവും ഉന്നയിക്കുന്നു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേയും കെ.ടി ജലീലിനെതിരേയും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.
കെ ടി ജലീലിനെതിരായ ആരോപണമായി പ്രധാനമായും സ്വപ്‌ന ഉന്നയിക്കുന്നത് ഈന്തപ്പഴം ഇറക്കുമതി ചെയ്തതാണ്. കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
സംസ്ഥാനത്ത് 17ടൺ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളിൽ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായെന്ന കാര്യവും സ്വപ്‌ന ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത് സ്വർണം കടത്തിയതാണോ എന്ന സംശയം ഇവർ ഉന്നയിക്കുന്നുമില്ലെന്നതും ശ്രദ്ധേയമാണ്. ഈന്തപ്പഴത്തിനൊപ്പം ഖുറാനും ഇറക്കുമതി ചെയ്തിട്ടുണ്ട്. ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.
അതേസമയം ജലീലിനെതിരായ ആരോപണത്തിൽ പ്രധാനമായ കാര്യങ്ങൾ നേരത്തെ തന്നെ കസ്റ്റംസ് വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസിൽ കസ്റ്റംസ് ഇക്കാര്യത്തിൽ ഇനി തുടരന്വേഷണവുമായി മുന്നോട്ടു പോകാൻ സാധ്യത കുറവാണ്. മറ്റ് അന്വേഷണ ഏജൻസികൾ സ്വപ്‌നയുടെ രഹസ്യമൊഴി ഇനിയും കോടതിയിൽ നിന്നും ശേഖരിച്ചിട്ടില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയോ എൻഐഐയോ കേസിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം അന്ന് സ്വപ്ന എന്തുകൊണ്ട് അന്വേഷണ ഏജൻസികളോട് ഇക്കാര്യം പറഞ്ഞില്ല എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഈ ചോദ്യത്തിൽ വിദേശ നയതന്ത്ര ബന്ധങ്ങൾ ഉൾപ്പെട്ടതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം കേസിലെ സത്യവാങ്മൂലത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കം ഉന്നതർക്ക് എതിരായ രഹസ്യ മൊഴിയുടെ പകർപ്പാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും സ്വപ്‌ന ആരോപണം ഉന്നയിച്ചിരുന്നു. യുഎഇയിൽ കോളേജ് തുടങ്ങാൻ വേണ്ടി ശ്രീരാമകൃഷ്ണൻ ഇടപെട്ടെന്നാണ് സ്വപ്നയുടെ ആരോപണം.
മിഡിൽ ഈസ്റ്റിൽ കോളേജ് തുടങ്ങാൻ ഭൂമിക്കായി ഷാർജാ ഭരണാധികാരിയെ സമീപിച്ചു. പി ശ്രീരാമകൃഷ്ണൻ ഇതിനായി സമ്മർദ്ദം ചെലുത്തി. ഇടപാടിനായി ഒരു ബാഗ് നിറയെ പണം യുഎഇ കോൺസൽ ജനറലിന് നൽകി. ഇക്കാര്യം കോൺസുൽ ജനറലാണ് വ്യക്തമാക്കിയത്. ഈ പണം അടങ്ങിയ ബാഗ് കോൺസുൽ ജനറൽ ഏൽപ്പിച്ചത് സരിത്തിനെയാണ്. പണം കോൺസുലേറ്റ് ജനറലിന് നൽകിയ ശേഷം ബാഗ് സരത്ത് എടുക്കുകയായിരുന്നു. ഈ ബാഗ് പിന്നീട് കസ്റ്റംസ് സരിത്തിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
നേരത്തെ പിണറായി വിജയനൊപ്പം ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് സ്വപ്ന സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കുതന്നെ അറിയില്ലെങ്കിൽ ഓർമിപ്പിക്കുന്ന ചില കാര്യങ്ങൾ തുറന്നു പറയുമെന്നു സ്വപ്ന പറഞ്ഞതിന്റെ തൊട്ടു പിന്നാലെയാണ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
പിണറായിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തി. 2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലായിരുന്നു ചർച്ച. അടച്ചിട്ട മുറിയിലെ ചർച്ചയിൽ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തു. ഷാർജയിൽ ബിസിനസ് പങ്കാളിയുമായും ചർച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു. ഷാർജ ഭരണാധികാരിയുടെ എതിർപ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസ്സമായത്. ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു.
കോൺസുലേറ്റിൽനിന്നു സമ്മാനങ്ങൾ എന്ന പേരിൽ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേയ്ക്കു വന്നെന്നും അതിൽ ലോഹങ്ങൾ ഉണ്ടായിരുന്നെന്നും ഉള്ള പരാമർശവും സത്യവാങ്മൂലത്തിലുണ്ട്. ബിരിയാണി ചെമ്പ് പരാമർശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലിൽ ഉണ്ട്. എൻഐഎ പിടിച്ചെടുത്ത മൊബൈലുകൾ കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. അതേസമയം സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ പോലും സാധിക്കാത്തതു കൊണ്ട് അന്വേഷണം എത്രകണ്ട് മുന്നോട്ടു പോകുമെന്ന സംശയം ഉയർന്നിട്ടുണ്ട്.