വിദ്യാര്‍ഥികളുടെ യാത്രക്ക് അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധം


അറിയാം കണ്‍സഷന്‍ കാര്‍ഡിനെ

മലപ്പുറം: ബസുടമകളും വിദ്യാര്‍ഥികളും തമ്മില്‍ എക്കാലത്തും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കണ്‍സഷന്‍ കാര്‍ഡ്. എല്ലാ കാര്‍ഡുകളുപയോഗിച്ചും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നതാണ് വാസ്തവം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഒപ്പിട്ട് നല്‍കിയ കാര്‍ഡുകളുപയോഗിച്ചാല്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ആനുകൂല്യം ലഭിക്കുക. ഇത്തരം കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. കണ്‍സഷന്‍ കാര്‍ഡുകള്‍ രൂപപ്പെടുത്തേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെങ്കിലും ഇതിന്റെ രൂപ മാതൃകയടങ്ങിയ സോഫ്റ്റ്വെയറുള്ള സിഡികള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ലഭിക്കും.

എങ്ങനെ നിര്‍മിക്കാം കണ്‍സഷന്‍ കാര്‍ഡുകള്‍

-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ലഭ്യമായ സി.ഡിയിലെ സോഫ്റ്റ്വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങളും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങളും നല്‍കി പ്രിന്റ് എടുക്കുക

-ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങളും സ്ഥാപനത്തിന്റെ കത്തും സഹിതം അതത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ എത്തി ജൂനിയര്‍ ആര്‍.ടി.ഒയുടെ ഒപ്പും ആര്‍.ടി.ഒ ഓഫീസ് സീലും കാര്‍ഡുകളില്‍ രേഖപ്പെടുത്തണം.

-പ്രൈവറ്റ് സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങളും സര്‍വകലാശാല സാക്ഷ്യപത്രവും മേധാവിയുടെ കത്തും സഹിതം ആര്‍.ടി.ഒ ഓഫീസിലെത്തിയാല്‍ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭിക്കും.

-പ്രെവറ്റ് സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കണ്‍സഷന്‍ ലഭിക്കുക. നിലവില്‍ ഒരു വര്‍ഷത്തിനാണ് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്. കോഴ്സിന് അനുസരിച്ച് കാര്‍ഡുകള്‍ പുതുക്കണം.