മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകമെന്ന് സൂചന; ദുരൂഹത ഏറെ


മലപ്പുറം: നിലമ്പൂർ മമ്പാട് ടൗണിലെ ടെക്സ്റ്റൈൽസിന്റ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറെ. കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്‌മാൻ ആണ് മരിച്ചത് . കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം . സംഭവത്തിൽ ടെക്സ്‌റ്റൈൽസ് ഉടമയും ജീവനക്കാരുമുൾപ്പെടെ പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

അതിനിടെ ക്രൂര കൊലപാതകമാണ് നടന്നത് എന്നാണ് സൂചന. അജ്ഞാത നമ്പറിൽ നിന്ന് മുജീബ് റഹ്‌മാന്റെ ഭാര്യ രഹ്നയുടെ വാട്‌സ് ആപ്പിലേക്ക് വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഒരു ഫോട്ടോ വന്നു. കൈകൾ ബന്ധിച്ച് അവശനായ ഭർത്താവ് മുജീബിന്റെ ഫോട്ടോയായിരുന്നു അത്. ഫോട്ടോ കണ്ടതോടെ രഹ്ന ഭർത്താവിന്റെ നമ്പറിൽ തുടരെത്തുടരെ വിളിച്ചു. വിളിച്ചിട്ടു കിട്ടാതായതോടെ ഫോട്ടോ അയച്ച നമ്പറിലേക്കു രഹ്ന വിളിച്ചു.

ഫോണെടുത്ത ആളിന്റെയടുത്ത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോൾ തലയിൽ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളില്ലെന്നായിരുന്നു മറുപടി. ഫോൺ എടുത്തയാൾ പേര് പറഞ്ഞില്ലെന്നു മാത്രമല്ല മുജീബ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് വിവരമൊന്നും കിട്ടാതായതോടെ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീണ്ടും അതേ നമ്പറിലേക്കു വിളിച്ചു.

മുജീബിനെ കൂടെത്താമസിപ്പിച്ചിട്ടു കാര്യമില്ലെന്നും രാവിലെ വിട്ടയച്ചെന്നുമായിരുന്നു മറുപടി. ഇതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പൊലീസ് വിളിച്ച് മുജീബിന്റെ മരണവാർത്ത അറിയിച്ചു. പിന്നീട് പലതവണ ആ അജ്ഞാതന്റെ നമ്പറിലേക്കു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. അതോടെ രഹ്ന ഈ നമ്പർ പൊലീസിനു കൈമാറി. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നത്.

മുജീബ് ജോലി ചെയ്യുന്നതുകൊണ്ടോട്ടിക്കു സമീപമുള്ള കിഴിശേരിയിലാണ്. വീട്ടുചെലവിനു പണവുമായി ഞായറാഴ്ച വരുമെന്നു വെള്ളിയാഴ്ച രാത്രി 7ന് മുജീബ് രഹ്നയെ വിളിച്ചു പറഞ്ഞിരുന്നു. അതിനു രണ്ടു മണിക്കൂറിനു ശേഷമാണു മനസ്സ് തകർക്കുന്ന ഫോട്ടോ വാട്‌സാപ്പിൽ ലഭിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

ടെക്സ്‌റ്റൈൽസ് ഗോഡൗണിൽ ഒരാൾ തുങ്ങി മരിച്ചതായി ജീവനക്കാരൻ പൊലീസിനെ ഫോൺ ചെയ്ത് അറിയിച്ചു. തുടർന്ന് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഷട്ടർ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടർന്നു നടത്തിയ പരിശോധനയിൽ അകത്തെ മുറിയിൽ നിലത്ത് തുണികൾ കൊണ്ടു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് കയർ ഉണ്ടായിരുന്നു.

കിഴിശ്ശേരിയിൽ ഇൻഡ്സ്ട്രിയിൽ ജോലിയെടുക്കുന്ന മുജീബ് പാണ്ടിക്കാട്ടെ ഭാര്യ വീട്ടിലാണ് താമസം. ഇൻഡസ്ട്രിയൽ പ്രവർത്തിക്കായി കമ്പിവാങ്ങിയ കടയിൽ പണം കൊടുക്കാനുണ്ട്. ഇതേ കടയിൽ ടെക്‌സ്‌റ്റൈൽസ് ഉടമക്ക് പങ്കാളിത്തം ഉണ്ടെന്നാണ് സൂചന. 1.5 ലക്ഷം രൂപയുടെ ഇടപാട് ആണ് നടന്നതെന്നും സൂചന ഉണ്ട്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ കാര്യങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. മുജീബിന് മർദ്ദനമേറ്റതായി ഇൻക്വസ്റ്റ് പരിശോധനയിൽ സൂചനയുണ്ടെങ്കിലും കൊലപാതകമാണോ നടന്നതെന്ന് വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ട്. ഒന്നിലേറെ ആളുകൾ സംഘംചേർന്ന് മർദ്ദിച്ചതിനെ തുടർന്നുണ്ടായ പരിക്കുകളാണ് ദേഹത്തുള്ളതെന്നാണ് സൂചന.