വായിൽ തുണി തിരുകി ക്രൂര മർദ്ദനം, ഫോട്ടോ ഭാര്യയ്ക്ക് അയച്ചു, അടച്ചിട്ടത് വായുവും വെളിച്ചവും കടക്കാത്ത റൂമിൽ, ഒടുവിൽ മനംനൊന്ത് ആത്മഹത്യ, 12 പേർ അറസ്റ്റിൽ‌

മലപ്പുറം: നിലമ്പൂർ മമ്പാട് വെച്ച് മരിച്ച കോട്ടക്കൽ സ്വദേശി മുജീബ് റഹ്മാന് അനുഭവിക്കേണ്ടി വന്നത് അതി ക്രൂര മർദ്ദനം എന്ന് പോലീസ്. നൽകാൻ ഉള്ള പണം ലഭിക്കാൻ വേണ്ടി പ്രതികൾ മുജീബിനെ തട്ടിക്കൊണ്ടു വന്ന് അതി ക്രൂരമായി മർദിക്കുകയായിരുന്നു. മുജീബ് സ്വയം ജീവനൊടുക്കിയത് ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുമ്പോഴും അതിലേക്ക് നയിച്ചത് ഇവരുടെ ക്രൂര മർദ്ദനം ആണ്.

മര്‍ദനം സഹിക്കാനാവാത്തതിനാലും പണം തിരികെ നല്‍കാന്‍ കഴിയാത്തതിനാലുമാണ് മുജീബ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. സംഭവത്തെ പറ്റി പോലീസ് നൽകുന്ന വിശദീകരണം ഇപ്രകാരം,

മുജീബ് റഹ്മാനെ പ്രതികൾ തട്ടികൊണ്ടുവന്നത് അറുപത്തിനാലായിരം രൂപ തിരിച്ചു കിട്ടാൻ വേണ്ടിയാണ്. തട്ടികൊണ്ടുപോകാന്‍ സഹായം ചെയ്തവര്‍ക്ക് പ്രതിഫലമായി പതിനായിരം രൂപ കൂലി വാഗ്ദാനവും നൽകി. ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തു കൊടുക്കുന്നയാളാണ് മുജീബ് റഹ്മാന്‍. രണ്ടുമാസം മുന്‍പ് തുണിക്കട ഉടമ ഷഹദിന്റെ മഞ്ചേരി മുപ്പത്തുരണ്ടിലുള്ള ഹാര്‍ഡ് വേഴ്‌സില്‍ നിന്നും 64000 രൂപ വില വരുന്ന സാധനങ്ങള്‍ വാങ്ങിയിരുന്നു.

പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുത്തില്ല. മുജീബിന്റെ താമസസ്ഥത്ത് അന്വേഷിച്ചെങ്കിലും മുജീബ് അവിടെ നിന്നും താമസം മാറിയിരുന്നു. തുടര്‍ന്ന് ഷഹദ് കൂട്ടുകാരുമായി ചേര്‍ന്ന് മുജീബിനെ തട്ടി കൊണ്ടു വരാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മുജീബിന്റെ സഹായികളായി മുന്‍പ് ജോലി ചെയ്തിരുന്ന മഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരായ അബ്ദുള്‍ അലിയുടേയും, ജാഫറിന്റേയും സഹായം തേടി. ഇതിനായി ഇവര്‍ക്ക് 10000 രൂപയും ഷഹദ് വാഗ്ദാനം ചെയ്തു. അബ്ദുള്‍ അലിക്കും മുജീബ് പണം കൊടുക്കാനുണ്ടായിരുന്നു.

ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലം മനസ്സിലാക്കിയ അബ്ദുള്‍ അലി ജാഫറിനേയും കൂട്ടി മുജീബിന്റെ ജോലി സ്ഥലത്തെത്തി പണം തിരികെ ചോദിച്ച് വാക്കു തര്‍ക്കം ഉണ്ടാകുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തു നിന്നും മടങ്ങി പോയ അബ്ദുള്‍ അലിയും ജാഫറും മഞ്ചേരിയില്‍ എത്തി ഷഹദിനേയും മഞ്ചേരിയില്‍ വാടക സ്റ്റോര്‍ നടത്തുന്ന കുഞ്ഞഹമ്മദിനേയും മകന്‍ മുഹമ്മദ് അനസിനേയും തുറക്കലേക്ക് വിളിച്ചു വരുത്തി.

ഇവരുടെ കടയില്‍ നിന്നും വാടകക്കെടുത്ത സാധനങ്ങള്‍ തിരിച്ചു കൊടുക്കാത്തതിനാല്‍ ഇവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഷഹദും, സുഹൃത്ത് മഞ്ചേരി മാലാംകുളം സ്വദേശി ഷാഹുലും കാറില്‍ തുറക്കലെത്തി. അവിടെ വെച്ച് എല്ലാവരും ഒരുമിച്ച് മുജീബിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് പണം തിരിച്ചു വാങ്ങാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടര്‍ന്ന് ഷഹദിന്റെ കാറിലും ജാഫറിന്റെ ഓട്ടോറിക്ഷയിലുമായി ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലത്തെത്തിയ പ്രതികള്‍ മുജീബിനെ ബലമായി കാറില്‍ കയറ്റി തട്ടി കൊണ്ടു വരികയും കാരക്കുന്ന് ഹാജ്യാര്‍ പള്ളി എന്ന സ്ഥത്തെ വിജനമായ ഗ്രൗണ്ടിലെത്തിച്ച് കൈകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
പണം അടുത്ത ദിവസം രാവിലെ എത്തിച്ചു തരാമെന്ന് അറിയിച്ചിട്ടും പ്രതികള്‍ മര്‍ദ്ദനം തുടർന്നു. നിലവിളിക്കാന്‍ ശ്രമിച്ച മുജീബിന്റെ വായില്‍ തുണി തിരുകിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ ഫോട്ടോ പ്രതികള്‍ മുജീബിന്റെ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മുജീബിനെ ഷഹദിന്റെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേര്‍ന്നുള്ള ഗോഡൌണില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ കാറില്‍ മുജീബിനെ മമ്പാട് ഉള്ള ഗോഡൗണില്‍ എത്തിച്ചു. കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച് വീണ്ടും മര്‍ദ്ദനം തുടരുകയും ചെയ്തു. തുടര്‍ന്ന് രാവിലെ ടൗണില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ ആണ് പ്രതികള്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. തുടർന്ന് അവർ മുജീബിനെ റൂമില്‍ പൂട്ടിയിട്ട് പുറത്തേക്കു പോയി. മുമ്പ് ബാങ്കിന്റെ സ്‌ട്രോംങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവുമെത്താത്ത മുറിയിലാണ് മുജീബിനെ ബന്ധിച്ചത്.

തുടര്‍ന്ന് വീട്ടില്‍ പോയ പ്രതികള്‍ രാവിലെ 10.00 മണിയോടെ തിരിച്ചെത്തി ഗോഡൗണ്‍ തുറന്നുനോക്കിയപ്പോള്‍ മുജീബ് തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തു കിടത്തി തുണിയിട്ടു മൂടുകയായിരുന്നു. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാന്‍ നിവൃത്തിയില്ലാതെ ഗോഡൗണിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.
ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഒന്നാം പ്രതി ഷഹദിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്മരണപ്പെട്ട മുജീബിന് ക്രൂരമായി മര്‍ദ്ധനമേറ്റിട്ടുണ്ട്. തല മുതല്‍ കാല്‍പാദം വരെ മര്‍ദ്ധനമേറ്റ മുറിവേറ്റ പാടുണ്ട്. ദേഹമാസകലം വടി കൊണ്ട് അടിയേറ്റ പാടുകളുമുണ്ട് . പിടിയിൽ ആയവർക്ക് എതിരെ സംഘം ചേർന്ന് തട്ടി കൊണ്ടു പോകൽ, തടങ്കലിൽ വെച്ച് മർദ്ദനം , ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾക്ക് ഉള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ പങ്കെടുത്ത ചിലർ ഒളിവിൽ ഉണ്ടെന്നും ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി എന്നും നിലമ്പൂർ പോലീസ് വ്യക്തമാക്കി.