അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു; യുഎഇയിൽ യുവതി അറസ്റ്റിൽ
ഷാർജ: രണ്ടു മാസം പ്രായമായ ആൺകുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തിൽ ഉപേക്ഷിച്ച അറബ് സ്ത്രീയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യാലയത്തിൽ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഷാർജ പൊലീസിൽ വൈകുന്നേരം അഞ്ച് മണിക്കാണ് ലഭിച്ചതെന്ന് സിഐഡി മേധാവി കേണൽ ബോവൽസോദ് പറഞ്ഞു.
സിഐഡി സംഘം എത്തി കുട്ടിയെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സെക്യൂരിറ്റി ഗാർഡ് ഇല്ലാത്ത സമയത്ത് ഇവിടേക്ക് ഒരു സ്ത്രീ കടന്നുവന്നതായും ഒരു ഓഫീസിന്റെ പ്രവേശന കവാടത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് കടന്നതായും നിരീക്ഷണ ക്യാമറ പരിശോധിച്ചതിലൂടെ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയെ വളരെ വേഗം കണ്ടെത്താനായി. ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുഞ്ഞ് അവിഹിത ബന്ധത്തിൽ ഉണ്ടായതാണെന്നും അതിനാലാണ് ഒഴിവാക്കാൻ ശ്രമിച്ചതെന്നും അവർ വെളിപ്പെടുത്തി.