വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് സാദിഖലി തങ്ങൾ; പി.കെ ബഷീറിനെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്
മലപ്പുറം: മുൻ മന്ത്രിയും എംഎൽഎയുമായ എം.എം. മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് സംസാരിച്ച പി.കെ. ബഷീർ എംഎൽഎയെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്. വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപങ്ങൾ നേതാക്കളും പ്രവർത്തകരും ഒഴിവാക്കണം. വിഷയത്തിൽ ബഷീറിന് താക്കീതും മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പി.കെ. ബഷീർ എംഎൽഎയുടെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ നടപടി.
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത കെ.എൻ.എ. ഖാദറിനെയും സാദിഖലി തങ്ങൾ വിമർശിച്ചു. എവിടേക്കും കയറിച്ചെല്ലേണ്ടതില്ലെന്ന് തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവെൻഷൻ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമർശം.
എം.എം മണിയുടെ ‘കണ്ണും മോറും’ കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ. ബഷീർ, കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം. മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നുമാണ് അധിക്ഷേപിച്ചത്.