രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്‌ഐ അക്രമം; ജീവനക്കാരനെ മര്‍ദ്ദിച്ചു; ഫര്‍ണീച്ചറുകള്‍ അടിച്ചു തകര്‍ത്തു

കല്‍പ്പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടല്‍ നടത്തുന്നില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നല്‍കുക മാത്രമാണ് ഉണ്ടായത്. എന്നാല്‍ കത്തയേക്കണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പ്രധാനമന്ത്രിക്കാണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എസ്എഫ്‌ഐയുടെ പ്രതിഷേധ നേതൃത്വത്തില്‍ എം പി ഒഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്

മാര്‍ച്ച് ആക്രമസക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രോഡ് ഉപരോധിച്ചു.